നിയമത്തിന് മുകളില്‍ ആരും പറക്കില്ല, സ്ത്രീകള്‍ക്ക് നീതി ഉറപ്പ്: എം ബി രാജേഷ്

1 min read
SHARE

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. നിയമത്തിന് മുകളില്‍ ആരും പറക്കില്ല. എല്ലാവര്‍ക്കും നീതി നടപ്പാക്കും. അതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു. വലുപ്പച്ചെറുപ്പമില്ലാതെ ഇത്തരം കേസുകളില്‍ നിയമവും നീതിയും നടപ്പിലാക്കും. ഏത് കേസിലും നിയമം അനുസരിച്ച് നീതി നടപ്പാക്കും. അതിന് കാലതാമസമുണ്ടാകില്ല. നിയമപരമായ പരിശോധന അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് ശേഷം നടപടി സ്വീകരിക്കും. നിയമാനുസൃതമായ നടപടി സ്വീകരിച്ച് സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്നും എം ബി രാജേഷ് പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പ്രമുഖര്‍ക്ക് എതിരെ ഉയരുന്ന ലൈംഗികാതിക്രമ പരാതകള്‍ക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ബംഗാളി നടിയുടെ ആരോപണം ഉയര്‍ന്നതോടെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത് രാജിവെച്ചു. സിദ്ദിഖ് എഎംഎംഎ ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവെച്ചിട്ടുണ്ട്. യുവനടി രേവതി സമ്പത്തിന്റെ ആരോപണത്തിലാണ് സിദ്ദിഖിന്റെ രാജി. ജനറല്‍ സെക്രട്ടറി രാജിവെച്ച ഒഴിവില്‍ ജോയിന്റ് സെക്രട്ടറി ബാബുരാജ് ചുമതലകള്‍ കൈകാര്യം ചെയ്യും. ബം​ഗാളി നടിയായ ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ​ഗുരുതര ലൈം​ഗിക ആരോപണവുമായി രം​ഗത്തെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി. പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറയുന്നു. കഴിഞ്ഞ ദിവസം യുവനടി ഉയർത്തിയ ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുന്നത്. യുവനടി രേവതി സമ്പത്ത് ആണ് സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചത്. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും രേവതി മാധ്യമങ്ങളോട് പറഞ്ഞു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ദിഖ് ഇപ്പോള്‍ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവര്‍ പറഞ്ഞു. തന്റെ സമ്മതമില്ലാതെ ദേഹത്ത് കയറി ഉപദ്രവിച്ചയാളാണ് സിദ്ദിഖെന്നും അയാള്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്നും രേവതി ആരോപിച്ചു. സ്വയം കണ്ണാടി നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു. 21ാം വയസിലാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.