15-ാം വയസിൽ സംഗീത അധ്യാപക; പിന്നീട് അഭിനേതാവായി സിനിമയിൽ; ഇന്ന് ആറന്മുള പൊന്നമ്മയുടെ ഓർമദിനം
1 min read

മലയാള സിനിമാ ലോകത്തെ അമ്മമുഖം, ആറൻമുള പൊന്നമ്മയുടെ ഓർമ ദിനമാണിന്ന്. ആറ് പതിറ്റാണ്ടോളം അമ്മയായും മുത്തശ്ശിയായും ചലച്ചിത്ര രംഗത്ത് തിളങ്ങി നിന്നു ആറൻമുള പൊന്നമ്മ. ഒട്ടേറെ നാടകങ്ങളിലും വേഷമിട്ടു ആറൻമുള പൊന്നമ്മപത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ മാലേത്ത് വീട്ടിൽ കേശവ പിള്ളയുടേയും പാറുക്കുട്ടിയമ്മയുടേും മകളായി 1914 മാർച്ച് 22 നാണ് ജനനം. സംഗീതപാര്‌നപര്യമുള്ള കുടുംബം. ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചു. 15 ആം വയസിൽ സംഗീതാധ്യാപികയായി. പിന്നീട് 1945 ൽ നാടകത്തിലൂടെ അഭിനയരംഗത്തേക്ക് എത്തി. ഗായകൻ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിന്റെ നായികയായി 29 ആം വയസിൽ ഭാഗ്യലക്ഷ്മി എന്ന നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. പ്രസന്ന, ഭാവന, ചേച്ചി, ജീവിതയാത്രം, രക്തബന്ധം തുടങ്ങിയവയാണ് ആറന്മുള പൊന്നമ്മ വേഷമിട്ട പ്രശസ്ത നാടകങ്ങൾ.
1950 ൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ച് ശശിധരൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ രംഗപ്രവേശം നേടി. തുടർന്ന് ഒട്ടേറെ അമ്മ വേഷങ്ങളിലൂടെ മലയാളി മനസുകളിൽ അടംപിടിച്ചു. അഞ്ഞൂറോളം ചിത്രങ്ങളിലായി മലയാളം സിനിമയിലെ നാല് തലമുറകളുടെ അമ്മയായി. ആദ്യ തലമുറയിലെ നായകൻ തിക്കുറിശി സുകുമാരൻ നായർ, രണ്ടാം തലമുറ നായകരായം പ്രേം നസീർ, സത്യൻ. മൂന്നാം തലമുറയിലെ മോഹൻ ലാൽ, സുരേഷ് ഗോപി, എന്നിവരുടെയെല്ലാം അമ്മയായും അമ്മൂമ്മയായും വെള്ളിത്തിരയിൽ തിളങ്ങി. 1970 ൽ പുറത്തിറങ്ങിയ എങ്കിരുന്തോ വന്താൾ എന്ന ചിത്രത്തിൽ ശിവാജി ഗണേശന്റെ അമ്മയായും അഭിനയിച്ചു.
