പടിയൂര്‍ ഇരട്ടക്കൊലപാതകം; കൊലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

1 min read
SHARE

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലെ വിശ്രമ കേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വയം ജീവനൊടുക്കിയതാവാമെന്നാണ് പൊലീസ് നിഗമനം.പടിയൂര്‍ പഞ്ചായത്തോഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാര്‍ കൊലനടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.മുന്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാര്‍. വിദ്യയെ കൊലപ്പെടുത്തി കാട്ടില്‍ തള്ളിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും ഇരട്ടക്കൊലപാതകം നടത്തിയിരിക്കുന്നത്.ജൂണ്‍ മൂന്നിനാണ് രേഖയെയും രേഖയുടെ മാതാവ് മണിയെയും പ്രേംകുമാര്‍ കൊലപ്പെടുത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷ സുഹൃത്തുക്കളുമായുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ വിമര്‍ശിച്ച് കുറിപ്പും മൃതദേഹത്തിലുണ്ടായിരുന്നു. വാടക വീട്ടിലായിരുന്നു അമ്മയും മകളും താമസിച്ചിരുന്നത്.