മേഖലാതല അവലോകന യോഗങ്ങള്‍; ആദ്യ യോഗം 26നു തിരുവനന്തപുരത്ത്, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും
1 min readഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കാനും വിവിധ ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുമായി മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ 26ന് ആരംഭിക്കും.തിരുവനന്തപുരം ജില്ലയിലാണ് ആദ്യ അവലോക യോഗം. രാവിലെ 9.30 മുതല്‍ 1.30 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു ക്രമസമാധാന പ്രശ്‌നങ്ങളും അവലോകനം ചെയ്യും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അവലോകന യോഗമാണ് 26നു തിരുവനന്തപുരത്ത് നടക്കുന്നത്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയമാണു വേദി.29ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളിലും ഒക്ടോബര്‍ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ എറണാകുളം ബോള്‍ഗാട്ടി പാലസിലും നടക്കും.ഒക്ടോബര്‍ അഞ്ചിന് കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരും.മേഖലാതല അവലോകന യോഗങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു.