സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധന; ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്
1 min readസംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധന.കഴിഞ്ഞ വർഷം 4215 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിലുമാണ്.
2018 മുതലുള്ള പൊലീസിന്റെ കണക്കുകൾ പരിശോധിച്ചാൽ ഓരോ വർഷവും സംസ്ഥാനത്ത് പീഡനത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. 2018ൽ സംസ്ഥാനത്ത് 3161 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2019ൽ 3640 കേസുകൾ റിപ്പോർട്ട് ചെയ്‌തു. 2020 ൽ 3056, 2021ൽ 3559, 2022 ൽ 4215 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.
ഇക്കഴിഞ്ഞ വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായത് തിരുവനന്തപുരം ജില്ലയിലാണ്. 530 കേസുകൾ. രണ്ടാം സ്ഥാനത്ത് മലപ്പുറം ജില്ല 508 കേസുകൾ. മൂന്നാം സ്ഥാനത്ത് കോഴിക്കോട് ജില്ല 413 കേസുകൾ. ഏറ്റവും കുറവ് കേസ് റിപ്പോർട്ട് ചെയ്തത് വയനാട് ജില്ലയിലാണ് 168 കേസുകൾ.
സംസ്ഥാനത്ത് മിക്ക കുട്ടികളും പീഡനത്തന് ഇരയാകുന്നത് സ്വന്തം വീട്ടിൽ വച്ചോ അയൽ വീടുകളിൽ വച്ചോ ആണ്. കഴിഞ്ഞ കാലങ്ങളിലെ കേസുകൾ പരിശോധിക്കുമ്പോൾ പെൺകുട്ടികൾക്ക് സമാനമായി ആൺ കുട്ടികളും ക്രൂര പീഡനത്തിന് ഇരയാകുന്നു എന്നാണ് കണ്ടെത്തൽ.