തപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് നിയമനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ
1 min readതപാല്‍ വകുപ്പില്‍ ഗ്രാമീണ്‍ ഡാക് സേവക് നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ അവസാനിക്കും. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകള്‍. രാജ്യത്താകെ 34 പോസ്റ്റല്‍ സര്‍ക്കിളുകളിലായി 40889 ഒഴിവുകളാണുള്ളത്. ഇതില്‍ 2462 ഒഴിവുകള്‍ കേരള സര്‍ക്കിളിലാണ്. പത്താം ക്ലാസ് പാസായവര്‍ക്കാണ് അവസരം. ഡിവിഷനുകള്‍ തിരിച്ചാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് ശമ്പളം നിശ്ചയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 12000 രൂപ മുതല്‍ 29380 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍/ഡാക് സേവക് തസ്തികയില്‍ നാലു മണിക്കൂറിന് 10000 രൂപ മുതല്‍ 24470 രൂപ വരെ ലഭിക്കും. അപേക്ഷകര്‍ മാത്തമാറ്റിക്‌സും ഇംഗ്ലീളും ഉള്‍പ്പെട്ടെ പത്താം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. പ്രാദേശിക ഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മലയാളമാണ് ഔദ്യോഗിക പ്രാദേശിക ഭാഷ. കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. സൈക്ലിംഗ് അറിഞ്ഞിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മറ്റ് ജീവിതമാര്‍ഗമുണ്ടായിരിക്കണം.
18നും 40 നും ഇടയിലാണ് പ്രായപരിധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കിയാണ് പ്രായം തീരുമാനിക്കുക. ഉയര്‍ന്ന പ്രായപരിധിയില്‍ എസ് സി എസ് ടി വിഭാഗത്തിന് 5 വര്‍ഷവും ഒബിസി വിഭാഗത്തിന് മൂന്നു വര്‍ഷവും വയസിളവ് ലഭിക്കും. ഇഡബ്ലിയുഎസ് വിഭാഗത്തിന് വയസിളവില്ല. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസിളവ്. ഭിന്നശേഷിക്കാരായ ഒബിസി വിഭാഗക്കാര്‍ക്ക് 13 വര്‍ഷവും ഭിന്നശേഷിക്കാരായ എസ് എസി, എസ് ടി വിഭാഗത്തിന് 15 വര്‍ഷവും ഇളവ് ലഭിക്കും. അപേക്ഷിക്കുമ്പോള്‍ പോസ്റ്റ് ഓഫീസുകളുടെ മുന്‍ഗണന രേഖപ്പെടുത്തണം.