ഭാഷാ സാഹിത്യ പണ്ഡിതനും പ്രഭാഷകനുമായിരുന്ന പ്രയാർ പ്രഭാകരൻ അന്തരിച്ചു

1 min read
SHARE

ഭാഷ സാഹിത്യ പണ്ഡിതനും പ്രഭാഷകനും പുരോഗമന കലാസാഹിത്യ സംഘത്തിൻ്റെ സഹയാത്രികനുമായിരുന്ന പ്രയാർ പ്രഭാകരൻ (94) അന്തരിച്ചു. ഏറെക്കാലം നാട്ടിക എസ്എൻ കോളജിലെ അധ്യാപകനായിരുന്നു. കേരള സർവകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസ് എംഎ (മലയാളം) അംഗം, പരീക്ഷാ ബോർഡ് അംഗം, ഓറിയൻ്റൽ സ്റ്റഡീസ് ഫാക്കൽറ്റി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരള ലളിതകലാ അക്കാദമി അംഗം തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. കൊച്ചിൻ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും തുഞ്ചൻ മെമ്മോറിയൽ ഗവേണിങ് കൗൺസിൽ അംഗവുമാണ്. പുരോഗമന കലാ സാഹിത്യ സംഘം മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഓച്ചിറയ്ക്കടുത്തുള്ള പ്രയാറിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും പ്രഭാഷകനും പണ്ഡിതനും എഴുത്തുകാരനുമായ സ്വാമി ബ്രഹ്മവ്രതനൻ്റെയും മകനായി 1930 ഓഗസ്റ്റ് 14 നാണ് പ്രഭാകരൻ ജനിച്ചത്. ബിഎഡ് പാസായ ശേഷം തിരുവനന്തപുരത്തെ ട്രെയിനിങ് കോളജിൽ നിന്ന്, 1950 മുതൽ 1963 വരെ ശൂരനാട് ഗവൺമെൻ്റ് ഹൈസ്കൂളിൽ മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട് എംഎയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ചേർന്നു. 1964-ൽ എംഎ പൂർത്തിയാക്കിയ ഉടൻ തന്നെ കൊല്ലം എസ്എൻ വിമൻസ് കോളജിൽ ലക്ചററായി.  എസ്എൻ ട്രസ്റ്റിൻ്റെ കീഴിൽ വിവിധ കോളജുകളിലും അധ്യാപകനായിട്ടുണ്ട്. 1986 മാർച്ച് 31-ന് കൊല്ലം എസ്എൻ കോളജിൽ നിന്ന് വിരമിച്ച അദ്ദേഹം, വിരമിച്ച ശേഷം ആലപ്പുഴ ബിഎഡ് കോളജിലെ അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇന്ത്യൻ സാഹിത്യത്തിൽ പ്രയാർ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആദ്യ കൃതി ഭാരതീയ സാഹിത്യ ശാസ്ത്ര പഠനങ്ങൾ ഇന്ത്യൻ സാഹിത്യത്തെക്കുറിച്ചുള്ള ഒരു പഠനമാണ്. ജോസഫ് മുണ്ടശ്ശേരിയുടെ നാടകാന്തം കവിത്വം എന്ന ഗ്രന്ഥത്തെ നിരൂപണപഠനം നടത്തിക്കൊണ്ടാണ് അദ്ദേഹം നിരൂപണ രചനാരംഗത്തേക്ക് പ്രവേശിച്ചത്. ചെറുപ്പം മുതലേ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നു. എജിപി നമ്പൂതിരി, ദേവികുളങ്ങര എ. ഭരതൻ എന്നിവരോടൊപ്പം പുതുപ്പള്ളി പ്രയാർ പാർട്ടി സെൽ രൂപീകരിച്ചു. സിപിഐഎം ചുനക്കര ലോക്കൽ കമ്മിറ്റി അംഗമായിരുന്നപ്പോൾ ഒരു സമരത്തിൽ പങ്കെടുത്ത് നാല് ദിവസം ജയിലിൽ കിടന്ന അനുഭവവും അദ്ദേഹത്തിനുണ്ട്. കേരള സർവ്വകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസ് എംഎ (മലയാളം) അംഗം, പരീക്ഷാ ബോർഡ് അംഗം, ഓറിയൻ്റൽ സ്റ്റഡീസ് ഫാക്കൽറ്റി അംഗം, കേരള സാഹിത്യ അക്കാദമി അംഗം, കേരള ലളിതകലാ അക്കാദമി അംഗം തുടങ്ങി നിരവധി പദവികൾ പ്രഭാകരൻ വഹിച്ചിട്ടുണ്ട്. കൊച്ചിൻ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗവും തുഞ്ചൻ മെമ്മോറിയൽ ഗവേണിങ് കൗൺസിൽ അംഗവുമാണ്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ചുനക്കരയിലെ വീട്ടുവളപ്പിൽ നടക്കും.