പ്രമുഖ ആർക്കിടെക്ട് ആർ കെ രമേശ് അന്തരിച്ചു
1 min read

പ്രമുഖ ആർക്കിടെക്ട് ആർ കെ രമേശ് അന്തരിച്ചു. 79 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ ഇം എം എസ് അക്കാദമി, കോഴിക്കോട്ടെ മാനാഞ്ചിറ സ്ക്വയർ, തുഞ്ചൻ സ്മാരകം, കൈരളി ടിവിയുടെ ആസ്ഥാന മന്ദിരമായ കൈരളി ടവർ, രാജീവ് ഗാന്ധി അക്കാദമി, കണ്ണൂരിലെ നായനാർ സ്മാരകം തുടങ്ങി നിരവധി സ്ഥാപനങ്ങൾ അദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്. പരിസ്ഥിതിയോട് ചേർന്ന് നിൽക്കുന്ന രൂപ കല്പന അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ആർ കെ രമേശിന്‍റെ സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കോഴിക്കോട് മാവൂർ റോഡിലെ സ്മൃതിപഥം ശ്മശാനത്തിൽ വച്ച് നടക്കും.
ആർ കെ രമേശിന്‍റെ മരണത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി അനുശോചിച്ചു. കേരളത്തിലെ മികവുറ്റ ആർക്കിടെക്റ്റുകളിൽ ഒരാളായിരുന്നു ആർ കെ രമേശെന്നും ശ്രദ്ധേയമായ ഒരുപാട് സംഭാവനകൾ നൽകിയ, പുരോഗമന ആശയങ്ങളോടൊപ്പം നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും ജോൺ ബ്രിട്ടാസ് എം പി അനുശോചന കുറിപ്പിൽ പറഞ്ഞു.
