September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

എംജി സെനറ്റ്: ‘കഴിഞ്ഞ സർക്കാർ ഒരു പാനലും നൽകിയിട്ടില്ല’; മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമെന്ന് ആർ ബിന്ദു

SHARE

തിരുവനന്തപുരം: എം ജി സര്‍വകലാശാലയിലെ 30 അംഗ സെനറ്റിലേക്ക് കഴിഞ്ഞ സര്‍ക്കാരാണ് പാനലിനെ നിര്‍ദ്ദേശിച്ചതെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്‍ മന്ത്രി ആര്‍ ബിന്ദു. കഴിഞ്ഞ സര്‍ക്കാര്‍ ഒരു പാനലും നല്‍കിയിട്ടില്ല. ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശമായിരുന്നു അത്. ഒരു അഭിപ്രായ വ്യത്യാസം പോലും പുതിയ സര്‍ക്കാര്‍ രേഖപ്പെടുത്തിയില്ലെന്നും ആര്‍ ബിന്ദു കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും സമ്പൂര്‍ണ്ണ മൗനം പാലിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം നടക്കുന്നത് മുന്‍ സര്‍ക്കാരിന്റെ തലയില്‍ ഇടേണ്ട. യുഡിഎഫ് ബിജെപി ഡീലിന്റെ തുടര്‍ച്ചയാണിത്. ഗവര്‍ണര്‍ തുടക്കം കുറിച്ച കാലവല്‍ക്കരണ പദ്ധതി തട്ടും തടവും കൂടാതെ മുന്നോട്ടു കൊണ്ടുപോകുകയാണെന്നും ആര്‍ ബിന്ദു വിമർശിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുന്‍ സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. ഗവര്‍ണര്‍ ആളുകളെ നിയമിക്കാന്‍ തുടങ്ങിയത് തങ്ങള്‍ വന്നതിന് ശേഷമാണോ എന്നാണ് സതീശന്‍ ചോദിച്ചത്. യൂണിവേഴ്‌സിറ്റികളില്‍ ഇത്തരം നിയമനങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇത് പുതിയകാര്യമല്ല. തങ്ങള്‍ വരുന്നതിന് മുന്‍പ് തന്നെ നടപടിക്രമങ്ങള്‍ നടന്നു. എം ജി സര്‍വകലാശാലയിലെ സെനറ്റിലേക്ക് പാനല്‍ നല്‍കേണ്ടിയിരുന്നത് കഴിഞ്ഞ സര്‍ക്കാരാണ്. അവരാണ് നിയമിച്ചത്. തങ്ങള്‍ വന്ന ഉടന്‍ തന്നെ കാവിവല്‍ക്കരണം തുടങ്ങി എന്നല്ലല്ലോ. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ സംഭവം. നിയമപരമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ആര്‍ ബിന്ദുവിന്റെ പ്രതികരണം. എംജി സര്‍വകലാശാല സെനറ്റിലേക്ക് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നാമനിര്‍ദ്ദേശം ചെയ്തത് ബിജെപി- ആര്‍എസ്എസ് പശ്ചാത്തലമുള്ളവരെയായിരുന്നു. 30 അംഗ സെനറ്റില്‍ 19 പേരുടെ പട്ടികയായിരുന്നു ഗവര്‍ണര്‍ പുറത്തിറക്കിയിരുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പ്രമീള ദേവി, ബിജെപി അഭിഭാഷക സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശങ്കരരാമന്‍, എബിവിപി പ്രവര്‍ത്തക എസ് മേഘ തുടങ്ങിയവരെയാണ് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത്. ബിജെപി അധ്യാപക സംഘടനാ നേതാക്കളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ സിപിഐഎമ്മും എസ്എഫ്‌ഐ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു.