രാമൻ ഭാരതീയനല്ല; ശിവനും വിശ്വാമിത്രനുമെല്ലാം ജനിച്ചത് നേപ്പാളിലെന്ന് കെ.പി ശർമ ഒലി
1 min read

ഹിന്ദു പുരാണങ്ങളിലെ ദൈവങ്ങളുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദത്തിന് തിരികൊളുത്തി നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ശ്രീരാമൻ, ശിവൻ, വിശ്വാമിത്രൻ തുടങ്ങിയവരുടെ ജന്മസ്ഥലം നേപ്പാളിലാണെന്ന് ശർമ ഒലി പറഞ്ഞു. വിനോദസഞ്ചാര വകുപ്പ് കാഠ്മണ്ഡുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു.
രാമൻ മറ്റെവിടെയെങ്കിലുമാണ് ജനിച്ചത് എന്ന് എങ്ങനെയാണ് പറയാൻ കഴിയുക? ഇന്ന് നേപ്പാളിന്റെ ഭാഗമായ മണ്ണിലാണ് രാമൻ ജനിച്ചത്. അന്നത് നേപ്പാളെന്നാണോ മറ്റേതെങ്കിലും പേരിലാണോ അറിയപ്പെട്ടിരുന്നത് എന്നത് പ്രസക്തമല്ല. – കെ പി ശർമ ഒലി പറഞ്ഞു. രാമനെ പലരും ദൈവമായി കരുതുമ്പോളും നേപ്പാൾ ആ വിശ്വാസത്തിന് വേണ്ടത്ര പ്രചാരം നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീരാമനെ കൂടാതെ ശിവനും വിശ്വാമിത്രൻ എന്നിവരുടെ ജന്മസ്ഥലവും നേപ്പാളിലാണെന്ന് ശർമ ഒലി അവകാശപ്പെട്ടു. വിശ്വാമിത്രൻ ഛത്താരയിൽ നിന്നുള്ള ആളാണെന്നും ഇക്കാര്യം വാൽമീകിയുടെ രാമായണത്തിൽ പരാമർശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ശർമ ഒലി സമാന പ്രസ്താവനകൾ നടത്തിയത് സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. രാഷ്ട്രീയ ആവശ്യങ്ങൾക്കായി വിശ്വാസങ്ങളെ വളച്ചൊടിക്കുന്നുവെന്നായിരുന്നു വിമർശനം. അന്ന് വലിയ തിരിച്ചടി നേരിട്ടപ്പോൾ നേപ്പാൾ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വിശദീകരണം നൽകിയാണ് വിവാദം അവസാനിപ്പിച്ചത്.
