ക്ഷേമനിധി ബോർഡിലെ സിപിഐ നേതാവിന്റെ കുടുംബത്തിന് 2 ബിപിഎൽ കാർഡുകൾ
1 min read

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിപിഐ ഭരിക്കുമ്പോൾ റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡ് അംഗം കൂടിയായ സിപിഐ ലോക്കൽ സെക്രട്ടറിക്കും റേഷൻ കട ഉടമയായ ഭാര്യയ്ക്കും ഒരേ വീട്ടിൽ രണ്ടു തരം ബിപിഎൽ കാർഡ്സി. പിഐ നേതാവും മകനും ഉൾപ്പെട്ട പിങ്ക് നിറത്തിലുള്ള മുൻഗണനാ വിഭാഗം കാർഡും ഭാര്യയും മകളും ഉൾപ്പെട്ട നീല നിറത്തിലുള്ള സംസ്ഥാന സർക്കാരിന്റെ സബ്സിഡി വിഭാഗം കാർഡുമാണ് ഈ കുടുംബം ഉപയോഗിക്കുന്നതെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിനു കീഴിലാണ് കാർഡുകൾ അനുവദിച്ചിരിക്കുന്നത്.ഭാര്യ ലൈസൻസിയായ റേഷൻ കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഭർത്താവ് റേഷൻ വ്യാപാരികളുടെ സിപിഐ അനുകൂല സംഘടനയുടെ സംസ്ഥാന ഭാരവാഹിയുമാണ്. റേഷൻ കട ലൈസൻസിക്ക് സബ്സിഡി ഏതുമില്ലാത്ത പൊതുവിഭാഗം (വെള്ള) കാർഡ് മാത്രമേ ഉപയോഗിക്കാനാകൂ എന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഒരു വീട്ടിൽ രണ്ടു അടുക്കളകൾ ഉണ്ടെങ്കിൽ രണ്ട് കാർഡുകൾ അനുവദിക്കുമെന്ന് വകുപ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.എന്നാൽ, രണ്ടു കുടുംബങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഈ വ്യവസ്ഥയിൽ കാർഡുകൾ നൽകാനാകൂ. അനർഹമായി മുൻഗണനാ കാർഡും സബ്സിഡി കാർഡും കൈവശം വച്ചവർക്കു സ്വമേധയാ ഇതു സമർപ്പിച്ചു പൊതുവിഭാഗം കാർഡിലേക്കു മാറ്റാൻ നേരത്തേ അവസരം ഉണ്ടായിരുന്നു. എന്നിട്ടും കൈവശം വയ്ക്കുന്നവരുടേത് പിടിച്ചെടുത്ത് പിഴ ഈടാക്കാം.‘ഓപ്പറേഷൻ യെലോ’ പദ്ധതി മന്ത്രി പ്രഖ്യാപിച്ച് ഇത്തരം ആയിരക്കണക്കിന് അനർഹമായ കാർഡുകൾ വകുപ്പ് പിടികൂടിയെങ്കിലും സിപിഐ നേതാവിന്റെ കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലത്രേ. പരാതി ലഭിച്ചില്ലെന്നാണ് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതരുടെ വിശദീകരണം.
