കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ടമുങ്ങല്‍; കര്‍ശന നടപടിയെന്ന് റവന്യൂമന്ത്രി
1 min read

പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസില്‍ കൂട്ട അവധിയെടുത്ത് ജീവനക്കാര്‍ വിനോദയാത്ര പോയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. കുറ്റക്കാരായ ജീവനക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. അന്വേഷണത്തിന് പത്തനംതിട്ട കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി വ്യക്തമാക്കി‘ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് ഗുരുതര വിഷയമാണ്. സംഭവത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി. വിശദ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം നല്‍കണം. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തന്നെ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ടിന് ശേഷം തുടര്‍ നടപടിയെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.കോന്നി താലൂക്ക് ഓഫീസില്‍ 20 ജീവനക്കാര്‍ ലീവ് എടുക്കാതെയും 19 ജീവനക്കാര്‍ ലീവിന് അപേക്ഷ നല്‍കിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങള്‍ക്ക് മലയോരമേഖലകളില്‍ നിന്ന് ആളുകള്‍ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോള്‍ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകള്‍ കാര്യം നടക്കാതിരുന്നതോടെ ഓഫീസില്‍ നിന്ന് മടങ്ങുകയും ചെയ്തു.
