കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളം സിലബസിൽ നിന്ന് വേടന്‍റെയും ഗൗരി ലക്ഷ്മിയുടെയും ഗാനങ്ങൾ ഒഴിവാക്കാൻ ശുപാർശ
1 min read

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മലയാളം സിലബസിൽ നിന്നും വേടന്‍റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പുറത്തേക്ക്. സിലബസിൽ നിന്ന് ഒഴിവാക്കാൻ ശുപാർശ. വേടന്റെ ഭൂമി ഞാൻ വാഴുന്നിടം, ഗൗരി ലക്ഷ്മിയുടെ അജിത ഹരേ മാധവയും ആണ് സിലബസിൽ നിന്ന് ഒഴിവാക്കുന്നത്. സിലബസിൽ ഉൾപ്പെടുത്തിയതിന് എതിരേ പരാതി വന്ന സാഹചര്യത്തിലാണ് ശുപാർശ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി എ മലയാളം സിലബസിൽ വേണ്ടെന്നാണ് നിർദേശം.
മുൻ മലയാളം വിഭാഗം മേധാവി എം എം ബഷീറാണ് പരാതികളിൽ പഠനം നടത്തി റിപ്പോർട്ട് കാലിക്കറ്റ് വിസിക്ക് സമർപ്പിച്ചത്. റിപോർട്ട് ബോർഡ് ഓഫ് സ്റ്റഡീസിന് കൈമാറും. മൈക്കിൾ ജാക്സന്റെ they don’t care about us എന്ന ഗാനവും, വേടന്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന ഗാനവും മലയാളം വിദ്യാർഥികൾക്ക് അപ്രാപ്യമാണ്.
ഇവ തമ്മിലുള്ള താരതമ്യപഠനം സിലബസിൽ നിന്ന് എടുത്തു മാറ്റണം. സംഗീതം പഠിക്കാത്ത മലയാളം വിദ്യാർഥികളോട് കഥകളി സംഗീതത്തെയും ശാസ്ത്രീയ സംഗീതത്തെയും താരതമ്യം ചെയ്യാൻ പറയുന്നത് കഠിനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നത്. കലാപഠനം, സംസ്‌കാര പഠനം എന്നിവയിൽ താരതമ്യത്തിന്‍റെ സാധ്യതകൾ എന്ന നിലയിലാണ് ഇത് ഉൾപ്പെടുത്തിയത്. ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിലാണ് ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ…’ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പാട്ടിനെ കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിന്റെയും മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെയും ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യംചെയ്യുന്നത്.
