കേരള സർവകലാശാലയിലെ നിയമന തട്ടിപ്പ്; അനധികൃതമായി നിയമനം നേടിയ 38 പേരെയും പ്രതികളാക്കാൻ ക്രൈംബ്രാഞ്ച് നീക്കം

SHARE

തിരുവനന്തപുരം: കേരള സർവകലാശാലയിലെ നിയമനത്തട്ടിപ്പിൽ കൂടുതൽ പേർ പ്രതികളാകും. അനധികൃതമായി നിയമനം നേടിയ 38 പേരെയും പ്രതികളാക്കാൻ ക്രൈംബ്രാഞ്ച് നീക്കം. സർവകലാശാലയുടെ തലപ്പത്തിരുന്നവർക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. വർഷങ്ങൾ നീണ്ട നിയമനത്തട്ടിപ്പിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിക്കുകയാണ്. 2008-ൽ നടന്ന കേരള സർവകലാശാല അസിസ്റ്റന്റ് നിയമനമാണ് വലിയ വിവാദത്തിലേക്ക് വഴിതുറന്നത്. 33,933 പേരാണ് പരീക്ഷ എഴുതിയത്. എഴുത്തുപരീക്ഷയിൽ മികവ് തെളിയിച്ചവരെ മറികടന്ന് ഇഷ്ടക്കാർക്ക് നിയമനം നൽകാൻ റാങ്ക് പട്ടികയിൽ അട്ടിമറി നടത്തിയെന്നായിരുന്നു പരാതി. എഴുത്തുപരീക്ഷയുടെ ഒഎംആർ ഉത്തരക്കടലാസുകൾ നശിപ്പിച്ചെന്നും അഭിമുഖത്തിൽ മാർക്ക് വാരിക്കോരി നൽകി റാങ്ക് പട്ടിക അട്ടിമറിച്ചെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എഴുത്തുപരീക്ഷയ്ക്ക് 75 ശതമാനവും അഭിമുഖത്തിന് 25 ശതമാനവും പരിഗണിച്ച നടപടി ചട്ടവിരുദ്ധമായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. അഭിമുഖത്തിന് പരമാവധി 15 ശതമാനം മാർക്ക് മാത്രമേ അനുവദിക്കാവൂ എന്നായിരുന്നു ചട്ടം. അട്ടിമറിയിലൂടെ 38 പേർക്ക് അനധികൃതമായി നിയമനം ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇവരെയും കേസിൽ പ്രതികളാക്കും. എന്തെല്ലാം കുറ്റങ്ങൾ ചുമത്തണമെന്ന കാര്യത്തിൽ നിയമോപദേശം തേടും. അതേസമയം, നിയമന അട്ടിമറിക്ക് നേതൃത്വം നൽകിയെന്ന കണ്ടെത്തലിൽ മുൻ വൈസ് ചാൻസലർ, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരടക്കം എട്ട് പേരാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ഇവർക്കെതിരായ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.