തൊഴിൽ മേഖലയിൽ സമാധാനം ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമം: ടി പി രാമകൃഷ്ണൻ

1 min read
SHARE

തൊഴിൽ മേഖലയിൽ സമാധാനം ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. പത്തനംതിട്ട റാന്നിയിലെ സിഐടിയു പ്രവർത്തകൻ ജിതിൻ്റേത് അതിക്രൂരമായ കൊലപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിൽ അങ്ങേയറ്റം പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് പറഞ്ഞ അദ്ദേഹം സംഭവത്തിൽ സിഐടിയുവിൻ്റെ പ്രതിഷേധം അറിയിക്കുന്നുവെന്നും തൊഴിലാളികൾ ശക്തമായി പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടു.ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അക്രമികളെ ഉടൻ പിടി കൂടണമെന്നും ആവശ്യപ്പെട്ടു.

 

ഇന്നലെ രാത്രിയിലാണ് റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തിൽ സിഐടിയു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ജിതിന്‍ (36) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞിരുന്നു.

മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

ജിതിനെ കുത്തിയത് ബിജെപി പ്രവർത്തകൻ വിഷ്ണു എന്ന് ദൃക്സാക്ഷി പറഞ്ഞു.കാറിൽ നിന്ന് വടിവാളെടുത്തപ്പോൾ മൂന്നുപേർ ജിതിനെ പിടിച്ചു നിർത്തിക്കൊടുത്തുവെന്ന് ദൃക്സാക്ഷി പറഞ്ഞു.അക്രമി സംഘത്തിനും പരുക്കുണ്ടെന്ന് ജിതിൻ്റെ സുഹൃത്തും ഡിവൈഎഫ്ഐ പ്രവർത്തകനുമായ വിഷ്ണു പറഞ്ഞു.