October 25, 2026

അന്താരാഷ്ട്ര ലഹരി മാഫിയയെ പൂട്ടി സുരക്ഷാ സേന; ഹിറ്റായി ഓപ്പറേഷൻ ട്രൈഡന്റ്; രാജ്യത്തെ പൂർണമായും ലഹരിമുക്തമാക്കുമെന്ന് അമിത് ഷാ

SHARE

ഡൽഹി: അന്താരാഷ്ട്ര ലഹരി മാഫിയയുടെ നട്ടെല്ലൊടിച്ച് സുരക്ഷാ സേനകളുടെ വൻ മുന്നേറ്റം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിൽ 18 പേർ പിടിയിലായി. 2029 ഡിസംബർ 31-നകം രാജ്യത്തെ പൂർണമായും ലഹരിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കുകിഴക്കൻ അതിർത്തികൾ വഴി രാജ്യത്തേക്ക് ലഹരി ഒഴുക്കുന്ന അന്താരാഷ്ട്ര മാഫിയയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചാണ് കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും സംയുക്ത നീക്കം നടത്തിയത്.

ഓപ്പറേഷൻ ട്രൈഡന്റ് എന്ന പേരിൽ അസം, മിസോറം, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ 38 കേന്ദ്രങ്ങളിലായിരുന്നു മിന്നൽ പരിശോധന. കേന്ദ്ര അന്വേഷണ ഏജൻസികളും മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ലഹരി സിൻഡിക്കേറ്റിലെ പ്രധാനികളായ 18 പേരെ അന്വേഷണ സംഘം വലയിലാക്കി. ഇന്ത്യ-മ്യാൻമർ-ബംഗ്ലാദേശ് അതിർത്തി ഇടനാഴിയാക്കിയായിരുന്നു ലഹരി സംഘത്തിന്റെ പ്രവർത്തനം. ലഹരി വ്യാപാരത്തിലൂടെ ഒഴുകിയെത്തിയ കോടികളുടെ കള്ളപ്പണവും ഹവാല ഇടപാടുകളുമാണ് പരിശോധനയിലൂടെ പുറത്തുവന്നത്.

100 കോടി രൂപയുടെ ഹവാല ഇടപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 1,424 ബാങ്ക് അക്കൗണ്ടുകൾ അധികൃതർ മരവിപ്പിച്ചു. 17.82 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ലഹരി ഇടപാടുകൾക്കൊപ്പം 12 ലക്ഷം രൂപയും 500 ഡിറ്റണേറ്ററുകളും പിടിച്ചെടുത്തത് സംഭവത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. അതിർത്തി കടന്നുള്ള ലഹരിക്കടത്തിനെതിരെ കർശന നടപടികൾ തുടരുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2029 ഡിസംബർ 31-ഓടെ ഇന്ത്യയെ പൂർണമായും ലഹരിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.