വനിതാ ടി-20 ലോകകപ്പ്: ഇന്ത്യയുടെ സെമി എതിരാളികൾ ഓസ്ട്രേലിയ തന്നെ
1 min readവനിതാ ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികൾ. ലോകകപ്പിൽ 5 തവണ കിരീടം നേടുകയും എല്ലാ എഡിഷനിലും സെമിയിലെത്തുകയും ചെയ്ത ഓസ്ട്രേലിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോല്പിച്ചാണ് ജേതാക്കളായത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയെ മറികടക്കുക എന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. നാളെ, ഫെബ്രുവരി 23 വ്യാഴാഴ്ച വൈകിട്ട് കേപ്ടൗണിലെ ന്യൂലാൻഡ്സിൽ വച്ച് 6.30നാണ് മത്സരം.സ്മൃതി മന്ദന, റിച്ച ഘോഷ്, ഒരു പരിധി വരെ ജമീമ റോഡ്രിഗസ് എന്നിവരൊഴികെ ഷഫാലിയും ഹർമൻപ്രീത് കൗറുമടക്കമുള്ള ബാറ്റർമാർ ഫോമൗട്ടാണ്. ഇതിനൊപ്പം ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രകടനങ്ങളിലും ആശങ്കയുണ്ട്. അയർലൻഡിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്മൃതിയുടെ ഇന്നിംഗ്സ് ആണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. അതും സ്മൃതിയെ ഏഴ് തവണ അയർലൻഡ് താഴെയിട്ടു. റൺസ് വരുന്നില്ല എന്നതിനപ്പുറം ഇന്ത്യയുടെ ഡോട്ട് ബോളുകൾ തലവേദനയാണെന്ന് ക്യാപ്റ്റൻ ഹർമൻ തുറന്നുപറഞ്ഞു. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടും അയർലൻഡ് ബാറ്റർമാർ തിരിച്ചടിച്ചതും ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നതാണ്. അയർലൻഡിനെതിരെ പോലും പതറിയ ടീം ഓസ്ട്രേലിയക്കെതിരെ എങ്ങനെ പിടിച്ചുനിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ബാറ്റർമാർ അഗ്രസീവ് ശൈലി സ്വീകരിക്കുകയും ബൗളർമാർ കൃത്യതയോടെ പന്തെറിയുകയും ചെയ്തെങ്കിലേ ഇന്ത്യക്ക് സാധ്യതയുള്ളൂ.