ഷൈനിന് കൈയ്ക്ക് പരിക്ക്, ശസ്ത്രക്രിയ വേണം, ആരോഗ്യനില തൃപ്തികരം; അപകടം പിന്‍സീറ്റിലിരുന്ന് ഉറങ്ങവെ

1 min read
SHARE

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരം. അപകടത്തില്‍ നടന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ധര്‍മ്മപുരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഷൈന്‍ ടോം ചാക്കോ. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അപകടത്തില്‍ പിതാവ് ചാക്കോ മരിച്ചിരുന്നു. കാറിന്റെ മധ്യഭാഗത്താണ് പിതാവ് ഇരുന്നിരുന്നത്.അപകടം നടക്കുമ്പോള്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു ഷൈന്‍. അമ്മയ്ക്കും സഹോദരനും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോകവേയായിരുന്നു അപകടം.തമിഴ്നാട്ടിലെ സേലത്ത് വെച്ച് ഇന്ന് പുലര്‍ച്ചെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബത്തിന്റെ യാത്ര. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.