ഗുരുവായൂർ ദേവസ്വത്തിന് ഈ വരുമാനം കിട്ടിയിട്ട് വേണോ?; ആനയിടഞ്ഞ സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

1 min read
SHARE

 

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതി. ആനകള്‍ക്ക് പരിക്ക് പറ്റിയതില്‍ ഗുരുവായൂര്‍ ദേവസ്വം വെറ്ററിനറി സര്‍ജനും, ആനകള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നുണ്ടോ എന്നതില്‍ ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റേതാണ് നിർദേശം.

ആനകളുടെ ബുക്കിങ് എങ്ങനെയാണ് എന്നതിലും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര മാസമായി ആനകളെ വിവിധ ജില്ലകളിലായി എഴുന്നള്ളിപ്പിനായി കൊണ്ടുപോകുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ആന ജനുവരി 2 മുതല്‍ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത് വരുമാനത്തിനു വേണ്ടിയാണോ? ദേവസ്വത്തിന് ഈ വരുമാനം കിട്ടിയിട്ടു വേണോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

കൂടാതെ ആനകളുടെ ഭക്ഷണക്രമം രജിസ്റ്ററില്‍ രേഖപ്പെടുത്താതെ ഇരുന്നതിനും കോടതി ദേവസ്വം ബോര്‍ഡിനെ വിമര്‍ശിച്ചു. ആനകളെ പുറത്തേക്ക് കൊണ്ടു പോകുമ്പോഴും ഭക്ഷണ രജിസ്റ്റര്‍ കൃത്യമായി പാലിച്ചിരിക്കണമെന്ന് കോടതി നിർദേശം നൽകി.