മുല്ലപ്പെരിയാർ ഡാമിൽ അറ്റകുറ്റപ്പണിക്ക് തമിഴ്നാടിന് സുപ്രീംകോടതി അനുമതി
1 min read

മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മരം മുറിയും ഗ്രൗട്ടിങ്ങുമടക്കമുള്ള പ്രവൃത്തികള്‍ നടത്താമെന്ന് സുപ്രീംകോടതി നിർദേശം. മേല്‍നോട്ടസമിതി ശിപാര്‍ശ ചെയ്ത അറ്റകുറ്റപ്പണികള്‍ അണക്കെട്ടിൽ നടത്തണം. കേരളത്തിലെ ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിലാകണം അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റ പണികൾ നടത്തണമെന്ന അപേക്ഷ തമിഴ്നാട് നേരത്തെ മുന്നോട്ട് വെച്ചിരുന്നു.
കേരളമോ തമിഴ്നാടോ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മേൽനോട്ട സമിതിയുടെ മിനിറ്റ്സിന്റെ പകർപ്പ് പരിശോധിക്കുമ്പോൾ കേരളവും തമിഴ്നാടും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നാൽ അതിനുശേഷം തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല സുപ്രീംകോടതി ചൂണ്ടിക്കാട്ടി.അതേസമയം, മുല്ലപ്പെരിയാർ അണകെട്ട് സുരക്ഷിതമാണെന്നും, അണക്കെട്ടിലെ അറ്റകുറ്റ പണികൾ നടത്തിയാൽ ജല നിരപ്പ് 152 അടി വരെയായി ഉയർത്തമെന്നും ചൂണ്ടിക്കാട്ടി തമിഴ്നാട് ഇന്നലെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മരങ്ങൾ മുറിക്കാനായി ഒരിക്കൽ നൽകിയ അനുമതി കേരളം പിന്നീട് പിൻവലിച്ചുവെന്നും തമിഴ്‌നാടിന്റ സത്യവാങ് മൂലത്തിൽ വിമർശനം ഉണ്ട്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച സുപ്രീംകോടതി, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതിയുടെ യോഗത്തിന്റെ മിനിട്‌സിലെ ശിപാർശകൾ നടപ്പാക്കാൻ കേരളത്തോടും തമിഴ്‌നാടിനോടും നിർദേശം നൽകിയെങ്കിലും അത് നടപ്പാക്കിയിരുന്നില്ല.
