വി എസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന്‍ അറസ്റ്റില്‍

1 min read
SHARE

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന്‍ അറസ്റ്റില്‍. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകൻ അനൂപ്. വി എസ്സിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ അധിക്ഷേപിച്ചു കൊണ്ടാണ് അനൂപ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. വിഎസിൻ്റെ പേരെടുത്ത് പറയാതെയുള്ള അനൂപിൻ്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. പലരും അനൂപിനെതിരെ അതിരൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

അനൂപിനെതിരെ വിദ്യാഭ്യാസ വകുപ്പ് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനും സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ഫേസ്ബുക്കിൽ കുറിച്ചു. വെറുപ്പ് മലയാളി മനസുകളെ എത്രമാത്രം കീഴ്പ്പെടുത്തുന്നു എന്നതിന് നിമിഷ കേസിനു ശേഷം മറ്റൊരുദാഹരണമാണിത്. ഇവരാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു നൽകുന്നതെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ കെ ആര്‍ ചോദിക്കുന്നു.അതേസമയം വി എസിന്റെ പൊതുദര്‍ശനം സെക്രട്ടറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിലാപയാത്ര ആരംഭിക്കും.കവടിയാറിലെ വീട്ടില്‍ നിന്നാണ് ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ചത്. ദേശീയപാതയിലൂടെയാണ് വിലാപയാത്ര നീങ്ങുക. നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.