വെടിനിർത്തൽ കരാറിൽ അമേരിക്കയുടെ പങ്ക് കേന്ദ്രസർക്കാർ വ്യക്തമാക്കണം: എം എ ബേബി
1 min read

ഇന്ത്യാ പാക് വെടിനിർത്തൽ കരാറിൽ അമേരിക്കയുടെ പങ്ക് എന്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേർത്തു യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
അയൽ രാജ്യങ്ങളുമായുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കുന്നതാണ് ഇന്ത്യയുടെയും സിപിഐ എമ്മിന്റെയും നിലപാട്. ഇന്ത്യ ഇത്രയും കാലം സ്വീകരിച്ചിരുന്ന നിലപാട് ഇതായിരുന്നുവെന്നും കേന്ദ്രസർക്കാർ ഈ നിലപാട് ഉപേക്ഷിച്ചോ? എന്നും എം എ ബേബി ചോദിച്ചു. വിഷയം ചർച്ച ചെയ്യുന്നതിനായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴുള്ള പ്രധാനമന്ത്രിയുടെ അസാനിധ്യത്തെയും അദ്ദേഹം വിമർശിച്ചു. ഇത്തരത്തിൽ ഗൗരവതരമായ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ഉള്ള പ്രധാനമന്ത്രിയുടെ അസാന്നിധ്യം അംഗീകരിക്കാൻ സാധിക്കില്ലെന്നും സിപിഐ എം ജനറൽ സെക്രട്ടറി പറഞ്ഞു.
പാർലമെന്റിലും ഇതേ സമീപനമാണ് പ്രധാനമന്ത്രി സ്വീകരിക്കുന്നത്. അയൽ രാജ്യവുമായി സംഘർഷം നിലനിൽക്കുമ്പോൾ ഈ വിഷയങ്ങൾ ചർച്ച ചെയ്യാത്തത് പ്രതിപക്ഷത്തിന്റെ ദൗർബല്യമായി പ്രധാനമന്ത്രി കണക്കാക്കരുതെന്നും എം എ ബേബി പറഞ്ഞു.
