ലഹരിക്കെതിരായി പൊരുതാൻ നാടൊന്നാകെ ഒത്തുചേർന്നു
1 min read

പയ്യാവൂർ: നാടിനും സമൂഹത്തിനാകെയും വൻ ഭീഷണിയായി മാറിയ കഞ്ചാവിനും മറ്റ് രാസലഹരികൾക്കുമെതിരെ പൊരുതാനായി നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം സാധ്യമാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾക്കായി സംഘടിപ്പിച്ച യോഗം ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളി ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് മെംബർമാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത,സാമൂഹിക സംഘടനകൾ, വിവിധ സ്ഥാപന മേധാവികൾ, ഓട്ടോ- ടാക്സി തൊഴിലാളികൾ, എന്നിവർക്കൊപ്പം നാട്ടുകാരും യോഗത്തിൽപങ്കെടുത്തു.
പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. ചന്ദനക്കാംപാറ ഇടവക വികാരി ഫാ.ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.ആർ.രാഘവൻ, ചന്ദനക്കാംപാറ ചെറുപുഷ്പ സ്കൂളുകളുടെ മുഖ്യാധ്യാപകരായ മഞ്ജു ജെയിംസ്, വിജി മാത്യു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചന്ദനക്കാംപാറ യൂണിറ്റ് പ്രസിഡൻ്റ് ജോസ് തുരുത്തിയിൽ, ഇടവകാ കോ ഓർഡിനേറ്റർ തങ്കച്ചൻ വടക്കേക്കര എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പതിനാറംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. തുടർന്നുള്ള
പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദീകരണത്തിനായി അടുത്ത യോഗം ഉടൻ തന്നെ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
