ഭൂമിക്കുള്ളിലെ മഹാനിധി; അടുത്ത 1,70,000 വർഷത്തേക്കുള്ള ഹൈഡ്രജൻ സ്രോതസ് കണ്ടെത്തി

1 min read
SHARE

ലോകത്തിന്റെ ഇന്ധന പ്രതീക്ഷകൾക്ക് തിളക്കമേകി ഭൂമിക്കുള്ളിൽ വൻ തോതിൽ ഹൈഡ്രജൻ ശേഖരമുണ്ടെന്ന് പുതിയ പഠനം. ഭൂമിയുടെ അടിത്തട്ടിൽ കണ്ടെത്തിയ ഈ ഹൈഡ്രജൻ ശേഖരം 1,70,000 വർഷത്തേക്ക് ലോകത്തിന്റെ ഇന്ധന ആവശ്യകത നിറവേറ്റാൻ പര്യാപ്തമായതാണ്. അമേരിക്കയിലെ 30-ലധികം സംസ്ഥാനങ്ങളിൽ, ഇത്തരത്തിലുള്ള ഹൈഡ്രജൻ ശേഖരങ്ങൾ ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ.

ഓക്സ്ഫോർഡ് സർവകലാശാലയിലെ ജിയോകെമിസ്ട്രി വിഭാഗം അധ്യക്ഷൻ പ്രൊഫസർ ക്രിസ് ബല്ലന്റൈൻ നയിച്ച ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. ‘Nature Reviews Earth and Environment’ എന്ന പ്രമുഖ ശാസ്ത്രീയ ജേർണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

പാറയും ജലവും തമ്മിലുള്ള സ്വാഭാവിക രാസപ്രവർത്തനങ്ങളിലൂടെയാണ് ഹൈഡ്രജൻ ഉത്പാദനം നടക്കുന്നത്. ഈ പ്രകൃതിദത്ത ഹൈഡ്രജൻ ശേഖരങ്ങൾ കാർബൺ മുക്ത ഊർജ ഭാവിയിലേക്ക് കടക്കാനുള്ള സാധ്യതകൾക്ക് വഴിയൊരുക്കുന്നു.

അമേരിക്കയിലെ കാൻസസ് സംസ്ഥാനത്തുള്ള ‘മിഡ് കോൺടിനന്റൽ റിഫ്റ്റ്’ എന്ന ബസാൾട്ട് പാറകളുടെ വിപുലമായ സമുച്ചയം, സ്വാഭാവിക ഹൈഡ്രജൻ ഉൽപ്പാദനത്തിന് ഏറ്റവും അനുയോജ്യമായ ജിയോളജിക്കൽ ഘടനകളിലൊന്നായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു. സമീപകാലത്ത് അൽബേനിയയിലും പടിഞ്ഞാറൻ ആഫ്രിക്കയിലും, ക്രോമിയം ഖനനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂമിയടിയിൽ വൻതോതിൽ ഹൈഡ്രജൻ ശേഖരങ്ങൾ ഉള്ളതായി കണ്ടെത്തിയിരുന്നു.