കുണ്ടറയിൽ റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവം; പ്രതികൾ പിടിയിൽ
1 min read

കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിലെ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
പെരുമ്പുഴയിലെ ആളൊഴിഞ്ഞ ഒരു വീട്ടിൽ നിന്നാണ് പ്രതികൾ പിടിയിലാതെന്നാണ് വിവരം. പൈപ്പ് മുറിച്ച് ആക്രി ആക്കാൻ വേണ്ടിയാണ് പാലത്തിൽ കൊണ്ടുവച്ചതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പ്രതികളെ കൊല്ലം റൂറൽ എസ്പി ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുള്ള ഒരാൾക്ക് എതിരെ 11 ക്രിമിനൽ കേസുകളും മറ്റൊരാൾക്കെതിരെ അഞ്ച് ക്രിമിനൽ കേസുകളും ഉണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
കുണ്ടറ ആറുമുറിക്കടയ്ക്ക് സമീപമാണ് റയിൽവേ പാളത്തിന് കുറുകെ വെച്ച ആദ്യത്തെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. എഴുകോൺ പൊലീസ് എത്തി ആദ്യ സ്ഥലത്തെ പോസ്റ്റ് എടുത്തുമാറ്റുകയുണ്ടായി. രണ്ടാമത്തെ സ്ഥലത്ത് വെച്ചിരുന്ന പോസ്റ്റിൽ ട്രെയിൻ തട്ടിയെങ്കിലും ദരന്തം ഒഴിവായി. രാവിലെ 3.30ന് എത്തുന്ന പാലരുവി എക്‌സ്പ്രസ്സിനെ ലക്ഷ്യമാക്കി നടത്തിയ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉയർന്നിരുന്നു.
