മണൽക്കടത്ത് അന്വേഷിക്കാൻ എസ്ഐ പുറത്തിറങ്ങിയ വിവരം മണൽ മാഫിയക്ക് ചോർത്തി നൽകി’; കുമ്പള സ്റ്റേഷനിലെ 6 പൊലീസുകാർക്ക് സസ്പെൻഷൻ

1 min read
SHARE

മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി.പൊലീസുകാർക്ക് സസ്പെൻഷൻ. കുമ്പള പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാർക്കാണ് സസ്പെൻഷൻ. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി എം അബ്ദുല്‍ സലാം, എ കെ വിനോദ് കുമാര്‍, ലിനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ എം മനു, എം കെ അനൂപ്, പോലീസ് ജീപ്പ് ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മണൽക്കടത്ത് അന്വേഷിക്കാൻ എസ് ഐ പുറത്തിറങ്ങുന്ന സമയത്ത് വിവരം മണൽ മാഫിയക്ക് കൈമാറിയതിനാണ് നടപടി.

ഒരു മാസം മുമ്പാണ് അനധികൃതമായി മണല്‍ കടത്തിയ ടിപ്പര്‍ ലോറി കുമ്പള പൊലീസ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ടിപ്പര്‍ ലോറി ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് പൊലീസുകാരുടെ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടത്. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും സിവില്‍ പൊലീസ് ഓഫീസര്‍മാരും ഉള്‍പ്പെടെ ആറ് പൊലീസുകാരും മണല്‍ മാഫിയകളെ ബന്ധപ്പെട്ടതായി കണ്ടെത്തി.

വാട്സ്ആപ്പ് വഴിയും ഫോണ്‍ വഴിയും പൊലീസിന്റെ വിവരങ്ങള്‍ മണല്‍ മാഫിയക്ക് ഇവര്‍ ചോര്‍ത്തി നല്‍കിയതായി തെളി്ഞ്ഞു. പൊലീസ് പട്രോളിംഗ് വിവരവും പരിശോധനയും സമയവും സ്ഥലവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കൈമാറിയത്.തുടര്‍ന്ന് എസ്.ഐ ശ്രീജേഷ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുനില്‍ കുമാറിന് നല്‍കിയ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്‍മേലാണ് ജില്ലാ പൊലീസ് മേധാവി നടപടി കൈക്കൊണ്ടത്.