നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും; പ്രവാസികൾക്ക് വേണ്ടി പ്രതിപക്ഷം ശ്ബദമുയർത്തും

നിയമസഭാ സമ്മേളനം ഇന്ന് അവസാനിക്കും. അവസാന ദിനത്തിൽ പ്രവാസികളുടെ വിഷയം പ്രതിപക്ഷം സഭയിൽ ഉയർത്തും. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മുടങ്ങിയതും ലോക കേരളസഭ നിർത്തലാക്കിയത് തിരിച്ചടി ആയതും ഉൾപ്പെടെയുള്ള വിഷയം അടിയന്തര പ്രമേയം ആയിട്ടാണ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കുക. സംസ്ഥാനത്തെ എം എൽ എമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ല് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭയാണ് ബില്ലിന് അംഗീകാരം നൽകിയത്. ബില്ല് പ്രകാരം എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ ആനുകൂല്യങ്ങൾ 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായാണ് വർധിക്കുക. എയിംസ് വിഷയവും ശ്രദ്ധ ക്ഷണിക്കലായി സഭയുടെ പരിഗണനയ്ക്ക് വരും. അതേസമയം ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന മാരി ടൈം ബോർഡ് ബില്ല് സർക്കാർ പാസ്സാക്കിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം കേരളമെമ്പാടും നടത്താനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്.

