ജമാഅത്തെ ഇസ്ലാമിയുടെ ഉദ്ദേശം മതരാഷ്ട്രം, സാദിഖലി തങ്ങൾ അംഗീകരിച്ചത് ആശ്ചര്യ ജനകം: കെ ടി ജലീൽ
1 min read

ജമാഅത്തെ ഇസ്ലാമിയെ സാദിഖലി തങ്ങൾ അംഗീകരിച്ചത് ആശ്ചര്യ ജനകമെന്ന് കെ ടി ജലീൽ എംഎൽഎ. മുസ്ലിം ലീഗിനെ ജമാഅത്തെ ഇസ്ലാമിയോ, ജമാഅത്തെ ഇസ്ലാമിയെ മുസ്ലീംലീഗോ നേരത്തെ അംഗീകരിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ ഉദ്ദേശം മതരാഷ്ട്രമെന്നും ജമാഅത്തെ ഇസ്ലാമിയെ നയിക്കുന്നത് മൗലാനാ മുദൂദിയുടെ ആദർശങ്ങളെന്നും ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ജമാഅത്തെ ഇസ്‌ലാമിയുമായുള്ള ബന്ധത്തെ അനുകൂലിച്ച മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമർശത്തെ വിമർശിച്ചും മുൻകാല ലീഗ് നേതാക്കളുടെ ഇടപെടൽ ചൂണ്ടിക്കാട്ടിയുമാണ് കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്.
‘ഖാഇദെ മില്ലത്തും ബാഫഖി തങ്ങളും പാണക്കാട് പൂക്കോയ തങ്ങളും സീതിസാഹിബും സി എച്ച് മുഹമ്മദ് കോയാ സാഹിബും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമറലി തങ്ങളും സയ്യിദ് ഹൈദരലി തങ്ങളും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയെ എന്തടിസ്ഥാനത്തിലാണ് മുസ്ലിംലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അംഗീകരിച്ചത് എന്ന കാര്യം അത്യന്തം ആശ്ചര്യം ഉളവാക്കുന്നു. മേൽനേതാക്കളൊന്നും അവർ ജീവിച്ചിരുന്ന കാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ ഏതെങ്കിലും സമ്മേളനങ്ങളിലോ അവരുടെ ഏതെങ്കിലും സ്ഥാപന വാർഷികങ്ങളിലോ പങ്കെടുത്തിട്ടില്ലെന്നും ജമാഅത്തെ ഇസ്ലാമിയുടെ ആത്യന്തികമായ ഉദ്ദേശം മതരാഷ്ട്ര സ്ഥാപനമാണെന്നും ജലീൽ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. മുസ്ലിംലീഗും ജമാഅത്തെയും രണ്ട് ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്നു’, എന്നും ജലീലിന്റെ കുറ്റപ്പെടുത്തലുണ്ട്.
