ഓർമക്കുറവ് സംഭവിക്കാനുള്ള സാധ്യത പകുതിയായി കുറയ്ക്കും; പ്രാതലിൽ ഈ സിംപിൾ ഐറ്റം ഉൾപ്പെടുത്തിയാൽ മതി

1 min read
SHARE

പ്രായം ഏറുമ്പോൾ ഓർമ്മക്കുറവ് സാധാരണയായി ഉണ്ടാകാറുണ്ട്. ഇന്ന് മധ്യവയസ്‌കരിൽ പോലും ഓർമ്മക്കുറവ് കണ്ടുവരുന്നുണ്ട്. വാർധക്യത്തിന് കൂട്ടായി ഡിമെൻഷ്യ, അൽഷിമേഴ്സ് പോലുള്ള അവസ്ഥകൾ വരുന്നത് തടയാൻ ഒരു ‘സിംപിൾ ബട്ട് പവർഫുളായ’ മാർഗം ഉണ്ട്. ദിനവും പ്രാതൽ കഴിക്കുമ്പോ ഒരു മുട്ട ഉൾപ്പെടുത്തുക എന്നതാണ് ആ ലളിതമായ ട്രിക്ക്.

ദിവസവും രാവിലെ ഭക്ഷണത്തിനൊപ്പം ഒരു മുട്ട കഴിക്കുന്നത് കാലക്രമേണ സംഭവിക്കാവുന്ന ഓർമക്കുറവിനെ മറികടക്കാനും തലച്ചോറിന്‍റെ ആരോ​ഗ്യം മെച്ചപ്പെ‌ടുത്താനും സഹായിക്കുമെന്ന് ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.പ്രോട്ടീൻ കൊണ്ട് സമ്പുഷ്ടമാണ് മുട്ട. പേശികളുടെ വളർച്ചയ്ക്കും, കേടുപാടുകൾ സംഭവിച്ച കോശങ്ങളെ നന്നാക്കുന്നതിനും മുട്ട നമ്മളെ സഹായിക്കും. മുട്ടയിൽ അടങ്ങിയിരിക്കുന്ന കോളിൻ തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്ന ഒരു ഘടകമാണ്. ലളിതമായ പോഷകം തലച്ചോറിനെയും ശരീരത്തെയും ശരിയായി പ്രവർത്തിക്കാൻ സഹായിക്കും. തലച്ചോറിനെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നതിനൊപ്പം മാനസികാരോഗ്യം നിയന്ത്രിക്കുകയും പേശികളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും, കൊഴുപ്പ് രാസവിനിമയത്തെ സഹായിക്കുകയും ചെയ്യുന്നു.

1,024 ആളുകളാണ് 7 വർഷത്തെ പഠനത്തിൽ പങ്കെടുത്തത്. സാധുതയുള്ള ഒരു ഫുഡ് ഫ്രീക്വൻസി ചോദ്യാവലി ഉപയോഗിച്ച് പങ്കെടുത്തവരുടെ ഡയറ്റ് ഹാബിറ്റുകൾ വിലയിരുത്തി. അതിൽ നിന്നും കിട്ടിയ ഫലങ്ങൾ വർഷം തോറും നിരീക്ഷിക്കുകയും ചെയ്തു. ഇതിൽ 280 പേർക്ക് ഏഴ് വർഷത്തിനിപ്പുറം അൽഷിമേഴ്സ്, ഡിമെൻഷ്യ എന്നിവക്കുള്ള സാധ്യത വികസിച്ചതായി കണ്ടെത്തി. മുട്ട കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസവും മുട്ട കഴിക്കുന്നവരിൽ അൽഷിമേഴ്സ് സാധ്യത പകുതിയായി കുറഞ്ഞതായും ​ഗവേഷകർ കണ്ടെത്തി.

കണ്ണിന്റെ ആരോഗ്യത്തിനും മുട്ട നല്ലതാണ്. മുട്ടയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. പ്രായമാകുമ്പോൾ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ തടയാനും ഇത് സഹായിക്കും. അപ്പോൾ എങ്ങനാ… നാളെ മുതൽ പ്രാതലിൽ ഒരു മുട്ടയുണ്ടാകില്ലേ…