മണ്ഡലപൂജയ്ക്കായുള്ള തങ്കയങ്കി രഥഘോഷയാത്ര പമ്പയിലെത്തി

മണ്ഡലപൂജക്ക് ശബരീശ വിഗ്രഹത്തിൽ ചാർത്തുന്നതിനായുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര പമ്പയിലെത്തി. പുലർച്ചെ പെരുനാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ളാഹ സത്രം, പ്ലാപ്പളളി, നിലയ്ക്കൽ, ചാലക്കയം വഴി ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയിലെത്തിയത്. പമ്പയിൽ നിന്നും പമ്പാ ഗണപതി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയെ സ്വീകരിച്ചാനയിച്ചു.
ഇവിടെ വിശ്രമിച്ച ശേഷം മൂന്ന് മണിയോടെ ഘോഷയാത്ര ശബരിമലയിലേക്ക് യാത്ര തുടരും. ഘോഷയാത്ര മരക്കൂട്ടത്തിലെത്തുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളും,ഉദ്യോഗസ്ഥരും വിവിധ അയ്യപ്പഭക്ത സംഘടനാ പ്രതിനിധികളും ചേർന്ന് ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
പതിനെട്ടാംപടി ചവിട്ടി സന്നിധാനത്തേക്ക് എത്തുമ്പോൾ ശബരിമല തന്ത്രി, മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ തങ്കയങ്കി ഏറ്റുവാങ്ങി ശ്രീകോവിലിലെക്ക് കൊണ്ടുപോകും.തുടർന്ന് 6.30 ഓടെ തങ്കയങ്കി ചാർത്തി യുള്ള മഹാ ദീപാരാധന നടക്കും. നാളെ രാവിലെ 10.10 നും 11 30 നും മദ്ധ്യേയുള്ള സമയത്ത് തങ്കയങ്കി ചാർത്തി മണ്ഡല പൂജ നടക്കും.

