ബിഗ് സ്ക്രീനിലെ ആ അപൂര്‍വ്വ സംഗമത്തിനായുള്ള കാത്തിരിപ്പ് തീരുന്നു; കേരള ബുക്കിംഗ് തുടങ്ങി ‘വേട്ടൈയന്‍’

1 min read
SHARE

ജയിലര്‍ പോലെ കാത്തിരിപ്പ് ഉയര്‍ത്തിക്കൊണ്ട് എത്തുന്ന രജനി ചിത്രമാണ് വേട്ടൈയന്‍. രജനികാന്തിനൊപ്പം അമിതാഭ് ബച്ചനും ഫഹദ് ഫാസിലും മഞ്ജു വാര്യരും റാണ ദഗുബാട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഒരു വില്ലന്‍ റോളില്‍ സാബുമോന്‍ അബ്ദുസമദും എത്തുന്നുണ്ട്. ഒക്ടോബര്‍ 10 നാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ കേരളത്തിലും ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10 മണിക്കാണ് കേരളത്തിലെ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍ എത്തുന്നു എന്നതാണ് വേട്ടൈയന്‍റെ ഏറ്റവും പ്രധാന യുഎസ്‍പി. 33 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസര്‍ ആയാണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന വേട്ടൈയനില്‍ റിതിക സിംഗും ദുഷറ വിജയനും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. അനിരുദ്ധ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. നേരത്തെ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം കങ്കുവയും ഇതേ തീയതിയില്‍ റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബോക്സ് ഓഫീസിലെ ക്ലാഷ് ഒഴിവാക്കാനായി ചിത്രം റിലീസ് നീട്ടുകയായിരുന്നു. ജയിലറിന് ശേഷമെത്തുന്ന രജനികാന്ത് ചിത്രം എന്ന നിലയില്‍ കോളിവുഡ് വ്യവസായത്തിന് വലിയ പ്രതീക്ഷ നല്‍കിയിരിക്കുന്ന പ്രോജക്റ്റ് ആണ് ഇത്.