September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

വിരലിൽ പരിക്ക്, കെട്ടഴിക്കാതെ വോട്ട് ചെയ്യിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍, യുവതി കാത്ത് നിന്നത് നാലര മണിക്കൂർ.

SHARE

ഇടത് കൈയിലെ ചൂണ്ടുവിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ച് ഉദ്യോഗസ്ഥർ. തൃശ്ശൂരിലാണ് സംഭവം. കണ്ണംകുളങ്ങര സ്വദേശിയായ അക്ഷയ എന്ന യുവതിക്കായിരുന്നു ദുരനുഭവം. ഒന്നരയ്ക്ക് പോളിങ് സ്റ്റേഷനിൽ എത്തിയ യുവതിക്ക് നാലര മണിക്കൂർ കാത്തുനിന്ന് ആറ് മണിയോടെയാണ് വോട്ട് ചെയ്യാൻ സാധിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി.

 

തൃശ്ശൂരിലെ 205-ാം നമ്പർ ബൂത്തിലായിരുന്നു സംഭവം നടന്നത്. മാതാപിതാക്കൾക്കും കൈക്കുഞ്ഞിനും ഒപ്പമായിരുന്നു അക്ഷയ വോട്ട് ചെയ്യാനെത്തിയത്. മിക്‌സിയിൽ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റതിനാൽ ആ വിരലിൽ മഷി പുരട്ടാൻ കഴിയില്ലെന്ന കാരണത്താലാണ് വോട്ട് തടഞ്ഞത്. മണിക്കൂറുകൾ കാത്തിട്ടും അധികൃതർ വഴങ്ങാത്തതോടെ സിപിഐ നേതാവ് വി എസ് സുനിൽകുമാർ ഉൾപ്പെടെ സ്ഥലത്തെത്തി പ്രതിഷേധിച്ചു. സംഭവം റിപ്പോട്ടർ ടിവി വാർത്തയാക്കിയതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടുകയും വിവരങ്ങൾ തേടുകയും ചെയ്തു.

കൈയിലെ കെട്ട് അഴിച്ച് മാറ്റണമെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ആവശ്യമെന്ന് അക്ഷയ മാധ്യമങ്ങളോട് പറഞ്ഞു. വിരലിൽ മുറിവുണ്ടെന്ന് വിശ്വസിക്കാൻ അവർ തയ്യാറായില്ല. ഡോക്ടറുടെ കുറിപ്പടി കൊടുത്തിട്ടും മേലുദ്യോഗസ്ഥർ വിളിച്ച് പറഞ്ഞിട്ടും ഉദ്യോഗസ്ഥ വഴങ്ങിയില്ല. തനിക്കുണ്ടായ അനുഭവം ആർക്കും ഉണ്ടാവരുതെന്നാണ് ആഗ്രഹം. വിരൽ ഇല്ലാത്ത ആളുകൾക്ക് മാത്രമേ മറ്റ് വിരലിൽ മഷി തേയ്ക്കൂ എന്നായിരുന്നു ഓഫീസറുടെ നിലപാടെന്നും അക്ഷയ പറഞ്ഞു.

സഹപ്രവർത്തകർ പറഞ്ഞിട്ടും നിയമപരമല്ലെന്ന് പറഞ്ഞ് വോട്ട് ചെയ്യാൻ പ്രിസൈഡിങ് ഓഫീസർ അനുമതി നൽകിയില്ല. കളക്ടർ വന്നാലും സമ്മതിക്കില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്നും അക്ഷയ പറഞ്ഞു. വോട്ട് ചെയ്തതിന് ശേഷം സ്റ്റിച്ചിട്ട വിരലിന്റെ താഴെയായാണ് യുവതിക്ക് മഷി തേച്ചു നൽകിയത്.