ലോകത്ത് തന്നെ ഇത് ആദ്യം: എല്ലാവരെയും ഉൾപ്പെടുത്തി സിനിമാ നയം ഉണ്ടാക്കുമെന്ന് മന്ത്രി സജി ചെറിയാൻ
1 min read

ഫിലിം പോളിസി കോൺക്ലേവിലൂടെ മലയാള സിനിമയുടെ നിർണായക ഘട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇതിലൂടെ സമഗ്രമായ സിനിമാ നയം എന്ന് ലക്ഷ്യത്തിലേക്ക് കേരളം എത്തും. എല്ലാവരെയും ഉൾപ്പെടുത്തി സിനിമ നയം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ലോകത്ത് തന്നെ ഇത് ആദ്യം എന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
സിനിമയെ ഒരു വ്യവസായമായി എങ്ങനെ രൂപാന്തരപ്പെടുത്താൻ സാധിക്കും എന്നത് പരിശോധിക്കും. തൊഴിൽ നിയമങ്ങൾ എങ്ങനെ സിനിമ മേഖലയിൽ നടപ്പാക്കും, സ്ത്രീ സുരക്ഷാ എന്നിവയെല്ലാം കോൺക്ലേവിന്റെ ഭാഗമായി പരിശോധിക്കും. സിനിമാ നയത്തിന്റെ രൂപരേഖ കോൺക്ലേവിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാവരെയും കേട്ടതിനു ശേഷമാകും അന്തിമരൂപം നൽക്കുക. സിനിമ മേഖലയിലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന ഒട്ടനവധി വിഷയങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. ഇതടക്കമുള്ള വിഷയങ്ങൾ കോൺക്ലേവിൽ ചർച്ചയാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കത്രിക വയ്ക്കാനുള്ള ഒരു അവകാശവും സെൻസർ ബോർഡിനില്ല. മനപ്പൂർവ്വം സിനിമയിൽ കത്തി വയ്ക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോൺക്ലേവിലെ ചർച്ചകൾക്ക് ശേഷം മന്ത്രിസഭയിൽ നയം അവതരിപ്പിക്കും. ആറുമാസത്തിനുള്ളിൽ നയ രൂപീകരണം പൂർത്തിയാക്കും. കോൺക്ലേവിലേക്ക് എല്ലാ താരങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെ ഉൾപ്പെടെ ക്ഷണിച്ചിട്ടുണ്ട്. കോൺക്ലേവിൽ പങ്കെടുക്കുന്നവർ ആരൊക്കെയെന്ന് സിനിമ സംഘടനകളാണ് തീരുമാനിക്കുന്നത്. സംഘടനകൾ നൽകുന്ന പട്ടികയിൽ കേസിൽ ഉൾപ്പെട്ടവർ ഉണ്ടെങ്കിൽ അപ്പോൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
