ഇന്ന് ലോക കാ‍ഴ്ച ദിനം; കുട്ടികളുടെ കണ്ണിനെ കാണാതെ പോകരുതേ.

1 min read
SHARE

ഇന്ന് ലോക കാ‍ഴ്ച ദിനം. അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജന്‍സി (ഐഎപിബി) ആണ് എല്ലാ വർഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ‘കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. കുട്ടികളുടെ കാ‍ഴ്ച ശേഷി സംരക്ഷണത്തിലേക്ക് ലോകത്തിന്‍റെ ശ്രദ്ധയാകർഷിക്കുന്നതാണ് ഈ പ്രമേയം. ലയൺസ് ക്ലബ്ബ് ഇന്‍റർനാഷണൽ ഫൗണ്ടേഷനാണ് 1998-ൽ ലോക കാഴ്ച ദിനം ആരംഭിച്ചത്. കണ്ണിന്‍റെ ആരോഗ്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയും ലോകമെമ്പാടുമുള്ള അന്ധരോ കാഴ്ചക്കുറവുള്ളവരോ ആയ ആളുകളുടെ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുകയുമാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെയാണ് ലോക കാ‍ഴ്ചദിനം അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജന്‍സി ആചരിക്കുന്നത്.ചെറിയ കുട്ടികളടക്കമുള്ളവർ ഇന്ന് മണിക്കൂറുകൾ മൊബൈൽ ഫോണിലും ഡിജിറ്റൽ ലോകത്തും കറങ്ങി നടക്കുന്നവരാണ്. പലപ്പോ‍ഴും കുട്ടികളുടെ വാശിക്ക് മുന്നിൽ വ‍ഴങ്ങി മാതാപിതാക്കൾ തങ്ങളുടെ ഫോണുകൾ നൽകാറുണ്ട്. യൂട്യൂബിലും ഗെയിമുകളിലും കുട്ടി മുഴുകി ഇരിക്കുമ്പോൾ അത് അവരുടെ കണ്ണിന്റെ ആരോഗ്യത്തെ കൂടി ബാധിക്കുന്നുണ്ട്.സ്‌ക്രീൻ സമയം കുറയ്ക്കുന്നതും പുറത്ത് സമയം ചെലവഴിക്കുന്നതും കുട്ടികളിൽ ഹ്രസ്വദൃഷ്‌ടി (മയോപിയ) ഉണ്ടാകുന്നതിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. അതായത് നമ്മുടെ ഭാവി തലമുറയുടെ കാഴ്ച സംരക്ഷിക്കുന്നതിൽ മാതാപിതാക്കൾക്കും പരിചരണം നൽകുന്നവർക്കും അധ്യാപകർക്കും പ്രധാന പങ്കുണ്ട്. ഇത്തരത്തിൽ കുട്ടികളുടെ കണ്ണിന്‍റെ പ്രാധാന്യത്തെ പറ്റി മുതിർന്നവർക്ക് കൂടി അവബോധം നൽകുന്നതാണ് ഇത്തവണത്തെ പ്രമേയം.