‌കെജിഎഫിന്റെ ‘യഥാർത്ഥ’ കഥ ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക്; ‘തങ്കലാന്‍’ ഹിന്ദി റിലീസ് ഉടൻ

1 min read
SHARE

ചിയാൻ വിക്രമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ തങ്കലാൻ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമയുടെ ഹിന്ദി പതിപ്പിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഓഗസ്റ്റ് 30 ന് തങ്കലാന്‍ ഹിന്ദി പതിപ്പ് തിയേറ്ററുകളിലെത്തും.

ഓഗസ്റ്റ് 15-നാണ് ‘തങ്കലാന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ കഥ പറഞ്ഞത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ നിർമ്മിച്ച ഈ ചിത്രത്തിൽ നായിക വേഷങ്ങൾ ചെയ്തത് മലയാളി താരങ്ങളായ പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ്. പശുപതിയാണ് ഇതിലെ മറ്റൊരു പ്രധാന താരം. തമിഴിലെ ഹിറ്റ് മേക്കറും ദേശീയ അവാർഡ് ജേതാവുമായ ജി വി പ്രകാശ്കുമാർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവഹിച്ചു. എസ് എസ് മൂർത്തി കലാസംവിധാനം നിർവഹിച്ച തങ്കലാന് സംഘട്ടനം ഒരുക്കിയത് സ്റ്റന്നർ സാം ആണ്.