August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

കരഞ്ഞ് വോട്ട് വാങ്ങി; ജയിച്ചത് ശരിയായ മാര്‍ഗത്തിലൂടെ അല്ല’; എം ലിജുവിനെതിരെ യു പ്രതിഭ

SHARE

ആലപ്പുഴ: മന്ത്രി എം ലിജുവിനെതിരെ കായംകുളം മുന്‍ എംഎല്‍എ യു പ്രതിഭ. എം ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തിലൂടെയല്ലെന്ന് പ്രതിഭ ആരോപിച്ചു. ലിജുവിന് അനുകൂലമായി വലിയ രീതിയില്‍ സഹതാപ തരംഗമുണ്ടായി. ലിജു കരഞ്ഞ് വോട്ട് വാങ്ങി. താന്‍ കരഞ്ഞത് വോട്ടിന് വേണ്ടി ആയിരുന്നില്ല. കരഞ്ഞുകൊണ്ടായിരിക്കരുത് വോട്ട് വാങ്ങേണ്ടതെന്നും പ്രതിഭ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലായിരുന്നു യു പ്രതിഭയുടെ പ്രതികരണം.

 

‘വിജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. എന്നാല്‍ ഒരാള്‍ ജയിച്ചാല്‍ ആ മണ്ഡലത്തിന് വേണ്ടി എന്തൊക്കെ ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. എനിക്കെതിരെ ധാരാളം കള്ളപ്രചാരണങ്ങള്‍ നടത്തി. പ്രതിഭ രണ്ട് തവണ ജയിച്ചല്ലോ എന്ന് പറഞ്ഞ് വോട്ട് തേടി. തനിക്ക് ഒരു തവണ അവസരം നല്‍കണമെന്നാണ് എം ലിജു പ്രചാരണ വേളയില്‍ പറഞ്ഞത്. ലിജുവിന് അനുകൂലമായി വലിയ രീതിയില്‍ സഹതാപ തരംഗമുണ്ടായി. പ്രതിഭ വില്ലത്തിയായി’, പ്രതിഭ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത് ശരിയായ മാര്‍ഗത്തിലൂടെ അല്ലെന്നും പ്രതിഭ പറഞ്ഞു. ജനാധിപത്യത്തില്‍ ഇത്തവണ വല്ലാത്ത രീതിയില്‍ പണമിറക്കി കളികളിച്ചിട്ടുണ്ട്. യുഡിഎഫ് അഞ്ഞൂറ് ബോര്‍ഡുകള്‍ വെച്ചപ്പോള്‍ അവിടെ അഞ്ച് ബോര്‍ഡുകളാണ് തനിക്ക് വെയ്ക്കാന്‍ സാധിച്ചത്. സിറ്റിങ് എംഎല്‍എയുടെ കൈയില്‍ പണമില്ലെങ്കില്‍ അവര്‍ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണെന്ന് കരുതണമെന്നും പ്രതിഭ പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ പലഘട്ടങ്ങളിലും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് തന്നെക്കുറിച്ച് പറഞ്ഞത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ പലരും പലതും ചെയ്തു. അനാവശ്യമായ കാര്യങ്ങള്‍ പറഞ്ഞാണ് തന്നെ വേട്ടയാടിയത്. വീടുകള്‍ കയറിയിറങ്ങി തന്നെപ്പറ്റി അപവാദം പറഞ്ഞു. ഒരു സ്ത്രീയെപ്പറ്റി അപവാദം പറയാന്‍ ആര്‍ക്കും അവകാശമില്ല. അവരുടെ വ്യക്തി ജീവിതം അവരുടെ മാത്രമാണ്. രാഷ്ട്രീയത്തില്‍ പോലും ഇല്ലാത്ത തന്റെ മകനെ കുറിച്ചും അപവാദം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയപ്പെട്ടതിന് ശേഷവും തനിക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും യു പ്രതിഭ ചൂണ്ടിക്കാട്ടി.

 

കഴിഞ്ഞ പത്ത് വര്‍ഷം എംഎല്‍എ എന്ന നിലയില്‍ താന്‍ ഒന്നും ചെയ്തില്ലെന്ന് പറയുന്നവരുണ്ട്. ഉറങ്ങുന്നവരെ നമുക്ക് വിളിച്ച് ഉണര്‍ത്താം. എന്നാല്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ല. അവര്‍ സുഖമായി ഉറങ്ങട്ടെ. കായംകുളത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തി എന്ന് തനിക്ക് അറിയാം. പുതിയ എംഎല്‍എയ്ക്ക് വളരെ സന്തോഷത്തോടെ മണ്ഡലത്തിലൂടെ സഞ്ചരിക്കാം. എല്ലാ പ്രധാന റോഡുകളും ശരിയാക്കിയിട്ടുണ്ട്. പുതിയ എംഎല്‍എയ്ക്ക് ആ ഒരു ചലഞ്ച് ഇല്ലെന്നും പ്രതിഭ കൂട്ടിച്ചേര്‍ത്തു.