August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആദ്യമായി ഇന്ത്യയിൽ; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും

SHARE

കൊൽക്കത്ത: നാലു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ​ഗോർ എക്സ് പോസ്റ്റിൽ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരം പങ്കുവെച്ചിട്ടുണ്ട്. വ്യാപാരം സാങ്കേതിക വിദ്യ, പ്രതിരോധം, ക്വാഡ് അടക്കം നിരവധി വിഷയങ്ങൾ വരു ദിവസങ്ങളിൽ ചർച്ചാകുമെന്നും ഈ വിഷയങ്ങളിൽ പുരോ​ഗതി ഉണ്ടാകുമെന്നും ​ഗോർ എക്സ് പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ന്യൂഡൽ​ഹിയിൽ വെച്ച് മെയ് 26ന് നടക്കുന്ന ക്വാഡ് രാജ്യങ്ങളുടെ യോ​ഗത്തിൽ പങ്കെടുക്കുകയാണ് മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിലെ പ്രധാനപ്പെട്ട അജണ്ട.

ഊർജ്ജ സഹകരണവുമായി ബന്ധപ്പെട്ട് ക്വാഡ് രാജ്യങ്ങൾ കൂടിക്കാഴ്ചയും ചർച്ചയും നടത്താനിരിക്കെ മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിന് വലിയ പ്രധാന്യമുണ്ട്. ഇന്ത്യയുമായുള്ള ഊർജ്ജ കയറ്റുമതി വികസിപ്പിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ മാർക്കോ റൂബിയോ വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മോട്ടേ​ഗി എന്നിവരും മാർക്കോ റൂബിയോയ്ക്കൊപ്പം ക്വാഡ് യോ​ഗത്തിൽ പങ്കെടുക്കും. പ്രാദേശിക സുരക്ഷ, തന്ത്രപരമായ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാവും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ട്.ഇന്ന് രാവിലെ കൊൽക്കത്തയിൽ എത്തിച്ചേർന്ന മാർക്കോ റൂബിയോയെ ഇന്ത്യയിലെ അമേരിക്കൻ അംബാസി‍ഡർ സെർജിയോ ​ഗോർ സ്വീകരിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയോ​ഗിതനായ ശേഷം ആദ്യമായാണ് മാർക്കോ റൂബിയോ ഇന്ത്യയിലെത്തുന്നത്. 14 വർഷത്തിനിടെ കൊൽക്കത്തിൽ എത്തുന്ന ആദ്യ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കൂടിയാണ് റൂബിയോ. 2012ൽ ഹിലാരി ക്ലിൻ്റനാണ് ഇവിടെ ഒടുവിൽ എത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി.

റൂബിയോയുടെ കൊൽക്കത്തിയിലെ കാര്യപരിപാടികൾ സംബന്ധിച്ച് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഔദ്യോ​ഗിക വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല. മ​ദർതെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസിൽ മാർക്കോ റൂബിയോ സന്ദർശനം നടത്തിയതിൻ്റെ ചിത്രങ്ങൾ സെർജിയോ ഗോർ എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യാ സന്ദർശത്തിനിടെ ആ​ഗ്രയും ജയ്പൂരും മാർക്കോ റൂബിയോ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്.