ജനങ്ങള്‍ക്കിടയിലേക്ക് വിജയ്, രാഹുലിന്റെ വഴിയേ തന്നെ; മാസ് എന്‍ട്രിക്കായി തമിഴ്‌നാട് ഒരുങ്ങുന്നു

1 min read
SHARE

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ശേഷം തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനായി പദ്ധതികള്‍ തയ്യാറാക്കുകയാണ് നടന്‍ വിജയ്. താരത്തിന്റെ 50ആം പിറന്നാളിനോട് അനുബന്ധിച്ച് പാര്‍ട്ടിയുടെ മഹാ സമ്മേളനം മധുരയില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും കള്ളക്കുറിച്ചി മദ്യ ദുരന്തം സംഭവിച്ചതോടെ അത് സംഭവിച്ചില്ല. പൊതുജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാറുള്ള വിജയ്, മദ്യദുരന്തത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെയും വിമര്‍ശനവുമായി എത്തിയിരുന്നു.

ഇപ്പോള്‍ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടി സംസ്ഥാന സമ്മേളനം ഉടന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. മാത്രമല്ല ഇതിനൊപ്പം സോണല്‍ സമ്മേളനങ്ങളും നടക്കും. ട്രിച്ചിയില്‍ നടക്കുന്ന ആദ്യ സമ്മേളനത്തിന് പുറമേ തമിഴ് മക്കളെ കാണാന്‍ നൂറു നിയമസഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം താരം കാല്‍നടയാത്രയില്‍ പങ്കെടുക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. ജനങ്ങളെ നേരിട്ട് കണ്ട് പ്രശ്‌നങ്ങളറിയാനാണ് താരത്തിന്റെ തീരുമാനം. ലക്ഷകണക്കിന് ആരാധകരുള്ള വിജയ്ക്ക് നിലവില്‍ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളെ അനുമോദിക്കാനായി വിജയ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തമിഴ്‌നാട്ടിലെ ലഹരി മാഫിയ്ക്ക് എതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. വേദിയില്‍ കയറാതെ സദസിലുണ്ടായിരുന്ന ദളിത് വിദ്യാര്‍ഥികള്‍ക്കൊപ്പം ഇരുന്നതും വലിയ ചര്‍ച്ചായി. എന്തായാലും തമിഴകം തങ്ങളുടെ ഇഷ്ടതാരത്തിന്റെ മാസ് എന്‍ട്രിക്കായി കാത്തിരിക്കുകയാണ്.