വിമുക്തി ഇന്ത്യക്കാകെ മാതൃകയായ പദ്ധതി’; ലഹരി കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റിൽ രാജ്യത്ത് സംസ്ഥാനം ഒന്നാമതാണെന്നും മന്ത്രി എം ബി രാജേഷ്

1 min read
SHARE

വിമുക്തി ഇന്ത്യക്കാകെ മാതൃകയായ പദ്ധതിയാണെന്നും ലഹരി കേസുകളിലെ കണ്‍വിക്ഷന്‍ റേറ്റ് കാര്യത്തില്‍ രാജ്യത്ത് നമ്മള്‍ ഒന്നാമതാണെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. എക്‌സൈസിന്റെ ജില്ലാതല സംസ്ഥാനതല കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും സജ്ജമാണ്. വിമുക്തി ഇന്ത്യക്കാകെ മാതൃകയായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാത്രമായി ഉണ്ടായ വ്യാപനം അല്ല ഇത്. എക്‌സൈസിന്റെ ജില്ലാതല, സംസ്ഥാനതല കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും സജ്ജമാണ്. എക്‌സൈസിനെ ശാക്തീകരിക്കണം. മോണിറ്ററിങ് സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. സെന്‍ട്രലൈസ്ഡ് മോണിറ്ററിംഗ് സിസ്റ്റം കൊണ്ടുവന്നു. എക്‌സൈസിനെ ശാക്തീകരിക്കാന്‍ നടപടി നടക്കുന്നുണ്ട്. 66 വാഹനങ്ങള്‍ ലഭ്യമാക്കി. ചെക്ക് പോസ്റ്റുകള്‍ ആധുനികവത്കരിക്കാന്‍ സംവിധാനം ഒരുക്കി. സൈബര്‍ സെല്ലിനെ നവീകരിക്കാന്‍ സി ഡി ആർ അനലൈസറുകള്‍ കൊണ്ടുവന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

രണ്ട് കോടി വിദ്യാര്‍ഥികളും രക്ഷിതാക്കളും അണിനിരന്ന മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് മാത്രം 9,337 ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ട്. വിഷയം പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇത്രയധികം ആളുകളിലേക്ക് വിഷയം എത്തിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ എത്ര സൂക്ഷ്മമായാണ് ഇടപെട്ടത് എന്ന് തെളിയിക്കുന്നതാണ് ലഹരിക്കതിരായ പദ്ധതികള്‍.

അതേസമയം, പകപോക്കല്‍ എന്ന നിലയില്‍ കേസെടുത്താല്‍ കര്‍ശന നടപടി എടുക്കും. ചാലക്കുടിയില്‍ അത്തരത്തില്‍ ഒരു കേസില്‍ നടപടി എടുത്തിട്ടുണ്ട്. കോളജ് വിദ്യാര്‍ഥികള്‍ക്കായി രണ്ട് പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. തീരദേശ പൊലീസുമായി ചേര്‍ന്ന് പരിശോധനകള്‍ നടത്തുന്നുണ്ട്. സംസ്ഥാനതലത്തില്‍ നര്‍ക്കോട്ടിക് സെല്ലും പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമെ സ്‌കൂളുകളില്‍ പൊലീസിന്റെ യോദ്ധാവ് പദ്ധതിയും ഉണ്ട്. കേസില്‍ ഉള്‍പ്പെടുന്നവരുടെ ഹിസ്റ്ററി ഷീറ്റ് പൊലീസും എക്‌സൈസും തയ്യാറാക്കുന്നുണ്ട്. കേരളം ഒരു തുരുത്തല്ല. ഇന്ത്യയുടെ ആകെ ഭാഗമാണ്. വ്യാപനം തടയാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാം. നമുക്കിടയിലെ യോജിപ്പാണ് ഈ വിപത്തിനെതിരായ ഏറ്റവും വലിയ കരുത്തെന്നും മന്ത്രി എം ബി രാജേഷ് സഭയിൽ പറഞ്ഞു.