August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

സംസ്ഥാന സർക്കാരിന് തിരിച്ചടിയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്; സിസ തോമസിന് ഒരാഴ്ചക്കകം പെൻഷൻ നൽകണം

SHARE

തിരുവനന്തപുരം: മുൻ കേരള സാങ്കേതിക സ‍ർവകലാശാല വിസി സിസ തോമസിന് ഒരാഴ്ചക്കകം സംസ്ഥാന സർക്കാർ പെൻഷനും കുടിശികയും നൽകണം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റേതാണ് ഉത്തരവ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരും മുൻ ഗവർണർ ആരിഫ് ഖാനും തമ്മിലുണ്ടായ പോരിനിടെ സിസ തോമസിനെ കെടിയു വിസിയായി നിയമിച്ചത് ഗവർണറായിരുന്നു. സർവീസിൽ നിന്ന് വിരമിച്ച സിസ തോമസിന് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ സർക്കാർ തലത്തിൽ തടഞ്ഞു വെച്ചു എന്നാരോപിച്ച് സിസ തോമസാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.

ഡോ.എംഎസ് രാജശ്രീയെ അയോഗ്യയാക്കിയതിന് പിന്നാലെയാണ് ഗവർണർ കെടിയു വിസി സ്ഥാനത്തേക്ക് സിസയെ നിയമിച്ചത്. ആ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിസാ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കാരണം കാണിക്കൽ നോട്ടീസ് നൽകാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരായ നിയമപോരാട്ടം ട്രൈബ്യൂണൽ മുതൽ സുപ്രീം കോടതി വരെ നീണ്ടു. ഗവർണ‍ർ നടത്തിയ നിയമനം എല്ലായിടത്തും ശരിവെക്കപ്പെട്ടതോടെയാണ് നടപടിയില്ലാതെയായത്. എന്നാൽ ഈ കേസ് ഹൈക്കോടതി പരിഗണിച്ചപ്പോഴേക്കും സിസ സർവീസിൽ നിന്ന് വിരമിച്ചിരുന്നു.

എന്നാൽ അതിന് ശേഷം സിസയ്ക്ക് പെൻഷൻ ലഭിച്ചില്ല. വിരമിക്കലിന് ശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ സിസാ തോമസ് വിവരാവകാശ നിയമപ്രകാരം സർക്കാരിനെ സമീപിച്ചപ്പോളാണ് സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്ന കാര്യം വ്യക്തമാക്കിയത്. അപ്പീൽ പോകുന്നതിനാൽ തന്നെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാനാവില്ലെന്നായിരുന്നു സിസയ്ക്ക് സർക്കാരിന്റെ മറുപടി. എന്നാൽ സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധി വന്ന ശേഷവും സിസയ്ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളൊന്നും ലഭിച്ചിരുന്നില്ല.