February 2025
M T W T F S S
 12
3456789
10111213141516
17181920212223
2425262728  
February 13, 2025

ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ പ്രസവിച്ച ജാർഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

1 min read
SHARE

കാസർഗോഡ്: ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ പ്രസവിച്ച ജാർഖണ്ഡ് സ്വദേശിനിക്കും കുഞ്ഞിനും  രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ജാർഖണ്ഡ് സ്വദേശിയും നിലവിൽ  കാസർഗോഡ് ഉപ്പള ഗേറ്റിനു സമീപം താമസവുമായ റിസ്‌വാൻ്റെ  ഭാര്യ നസിയ (26) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നസിയക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് റിസ്‌വാൻ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. ഉടൻ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മംഗൽപാടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ഹർഷിത് കുമാർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനുരൂപ് എം.എസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അനുരൂപിൻ്റെ പരിശോധനയിൽ പ്രസവം എടുക്കാതെ നസിയെ ആംബുലൻസിലേക്ക് മാറ്റുന്നത് സുരക്ഷിതം അല്ലെന്ന് മനസിലാക്കി വീട്ടിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 9 മണിയോടെ അനുരൂപിൻ്റെ പരിചരണത്തിൽ നസിയ കുഞ്ഞിന് ജന്മം നൽകി. തുടർന്ന് അമ്മയും കുഞ്ഞുമായുള്ള  പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അനുരൂപ് ഇരുവർക്കും  വേണ്ട പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റി. പൈലറ്റ് ഹർഷിത് ഉടൻ ഇരുവരെയും മംഗൽപാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.