November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 3, 2026

തേനി ജയിലിൽ 21 പേർ രക്ഷപ്പെട്ടു, ജയിലിൽ പീഡനവും മോശം സാഹചര്യങ്ങളുമെന്ന് പ്രതികളിൽ ഒരാൾ; വാദം തള്ളി പൊലീസ്.

SHARE

ജയിലിനുള്ളിലെ പീഡനങ്ങളും മോശം സാഹചര്യങ്ങളും ശ്രദ്ധയിൽപ്പെടുത്താനാണ് ജയിൽ ചാടിയതെന്ന് തേനി ജയിലിൽ നിന്നും ചാടിയ തടവുകാരിൽ ഒരാൾ. ജയിൽ ചാടിയത് 17 പേർ അല്ലെന്നും, തങ്ങൾ 21 പേർ ഉണ്ടായെന്നും പ്രതി ആരോപിച്ചു. രക്ഷപ്പെട്ടതിന് ശേഷം മീനാക്ഷി സുന്ദരം എന്ന പ്രതി ചിത്രീകരിച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. മീനാക്ഷി സുന്ദരം കീഴടങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം പുറത്തുവന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.’ഞങ്ങൾ ഇവിടെ ഒരു പ്രശ്നവും ഉണ്ടാക്കാൻ വന്നതല്ല. കോടതിയിൽ കീഴടങ്ങാൻ ഞങ്ങൾ കൂട്ടായി തീരുമാനമെടുത്താണ്’ സുന്ദരം വീഡിയോയിൽ പറഞ്ഞു. തടവുകാർക്ക് നൽകുന്ന ഭക്ഷണം മോശം ഗുണനിലവാരമുള്ളതാണെന്നും, ജയിൽ സൂപ്രണ്ടിനോട് പരാതിപ്പെട്ടതിന് ശേഷം പീഡനം നേരിട്ടുവെന്നും സുന്ദരം വീഡിയോയിൽ ആരോപിച്ചു. ‘ജയിലിനുള്ളിൽ എനിക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നു. മുഴുവൻ സത്യവും പറയാനും അധികാരികൾക്ക് മുന്നിൽ കീഴടങ്ങാനും ഞാൻ തയ്യാറാണ്,’ സുന്ദരം കൂട്ടിച്ചേർത്തു. ഒക്ടോബർ 28 ന് മീനാക്ഷി സുന്ദരവും സഹോദരൻ തിരുപ്പതിയും പൊലീസിൽ കീഴടങ്ങുന്നതിന് മുമ്പ് ഒരു അഭിഭാഷകന് നൽകിയ മൊഴിയാണ് വീഡിയോയെന്ന് അദ്ദേഹത്തിന്റെ അമ്മ അറുമുഖത്തമ്മാൾ പറഞ്ഞു.

എന്നാൽ സുന്ദരത്തിൻ്റെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ദക്ഷിണ മേഖല ഐജി വിജേന്ദ്ര ബിദാരി മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബർ 26 തിങ്കളാഴ്ച പതിവ് പരിശോധനയ്ക്കായി പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എ ശരവണകുമാർ ജയിൽ സന്ദർശിച്ചപ്പോൾ സുന്ദരം യാതൊരുവിധ പരാതിയും ഉന്നയിച്ചില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.അതേസമയം സഹോദരന്മാർക്കെതിരെ വ്യാജമായി കേസെടുത്തുവെന്ന ആരോപണം മധുര സിറ്റി പോലീസ് കമ്മീഷണർ എസ് രാജേന്ദ്രനും നിഷേധിച്ചു. ഇരുവരും നിരന്തര കുറ്റവാളികളാണെന്നും, മീനാക്ഷി സുന്ദരം കൊലപാതക കേസുകളിൽ പ്രതിയാണെന്നും, അനിയൻ തിരുപ്പതി കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരനാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പ്രായപൂർത്തിയാകും മുൻപെ അവർ കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ആഴ്ചയായിരുന്നു തമിഴ്നാട്ടിലെ തേനി ജില്ലയിലെ തേക്കംപട്ടി സബ് ജയിലിൽ നിന്ന് 17 റിമാൻഡ് തടവുകാർ രക്ഷപ്പെട്ടത്. 2 ദിവസത്തിനുള്ളിൽ തന്നെ പൊലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ചിലർ സ്വമേധയാ കീഴടങ്ങുകയായിരുന്നു. ഇങ്ങനെ കീഴടങ്ങിയവരിൽ രണ്ടു പേരാണ് മീനാക്ഷി സുന്ദരവും അനിയൻ തിരുപ്പതിയും. എല്ലാവരെയും പിടികൂടിയ ശേഷം റിമാൻഡ് ചെയ്യുകയും പാളയംകോട്ട, കോയമ്പത്തൂർ, സേലം എന്നീ സെൻട്രൽ ജയിലുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. മീനാക്ഷി സുന്ദരവും തിരുപ്പതിയും സേലം സെൻട്രൽ ജെയിലിലായിരുന്നു.