അന്വേഷിച്ചത് ആരോപണ വിധേയനായ എഡിജിപി, ജുഡീഷ്യല്‍ അന്വേഷണം വേണം: വി ഡി സതീശന്‍

1 min read
SHARE

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെട്ട വിഷയത്തില്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണ വിധേയനായ എഡിജിപിയാണ് കേസ് അന്വേഷിച്ചത്. അന്വേഷണം പ്രഹസനമാണ്. ആരോപണ വിധേയന്‍ തട്ടിക്കൂട്ടിയതാണ് റിപ്പോര്‍ട്ട്. ആ അന്വേഷണ റിപ്പോര്‍ട്ടിന് എന്ത് പ്രസക്തിയാണുള്ളതെന്നും വി ഡി സതീശന്‍ ചോദിച്ചു. തൃശൂര്‍ പൂരം കലക്കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു. പൂരം കലക്കി വികാരമുണ്ടാക്കി ബിജെപിയെ ജയിപ്പിക്കാന്‍ നടത്തിയ ശ്രമമാണ്. പൂരം കലക്കിയതില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്നു. ഇക്കാര്യമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ശക്തമായ സമരം നടത്തും. യുഡിഎഫ് യോഗം ചേര്‍ന്ന് കൂടുതല്‍ സമരപരിപാടികള്‍ തീരുമാനിക്കും. കോണ്‍ഗ്രസ് നിയമപരമായ മാര്‍ഗങ്ങള്‍ തേടുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. സിപിഐഎം ചരിത്രത്തിലെ ഏറ്റവും വലിയ അപകടാവസ്ഥയിലാണെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ‘പിണറായി വിജയനോട് വേറെ ജോലി നോക്കാന്‍ പറയണം. പ്രകാശ് ജാവദേക്കളെ താനും കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് പ്രകാശ് ജാവദേക്കറെ കാണേണ്ട കാര്യമെന്താണ്? അവര്‍ തമ്മില്‍ എന്താണ് ചര്‍ച്ച? എഡിജിപി പോയത് മുഖ്യമന്ത്രിയുടെ ദൂതനായി തന്നെയാണ്. കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാളാണെങ്കില്‍ പി വി അന്‍വറിനെ എന്തിന് തോളത്ത് വെച്ച് നടക്കണം. അന്‍വറിനെ മുഖ്യമന്ത്രി ഭയക്കുന്നു എന്നല്ലേ മനസിലാക്കേണ്ടത്’, പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. യുഡിഎഫ് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. എല്ലാ സര്‍ക്കാരിന്റെ കാലത്തും ഭംഗിയായി നടക്കുന്ന പൂരം കലങ്ങാന്‍ പാടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണം. ആരോപണ വിധേയന്‍ വിഷയം അന്വേഷിച്ചുവെന്നതും പ്രശ്‌നമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടായിട്ടില്ലെന്നാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ ഡിജിപിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ബോധപൂര്‍വ്വമായ അട്ടിമറിയോ, ഗൂഢാലോചനയോ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെ കുറ്റപ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയെന്നും കമ്മീഷണറുടെ പരിചയക്കുറവ് പ്രശ്‌നം സങ്കീര്‍ണമാക്കിയെന്നും 1300 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.