എവിടെ നിർത്തിയോ അവിടുന്ന് തന്നെ വീണ്ടും അടി തുടങ്ങി സഞ്ജു; രഞ്ജി ട്രോഫിയിൽ കേരളം മികച്ച സ്‌കോറിലേക്ക്

1 min read
SHARE

രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച തുടക്കവുമായി കേരളം. മഴ കാരണം വൈകി ആരംഭിച്ച കളിയിൽ ഒന്നാം ദിനം 23 ഓവറുകളെ കളിച്ചിരുന്നുള്ളൂ. ഇപ്പോൾ രണ്ടാം ദിനം വീണ്ടും മഴയെ തുടർന്ന് കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിട്ടുണ്ട്. പതിനഞ്ച് റൺസുമായി സഞ്ജു സാംസണും, ഇരുപത്തിമൂന്ന് റൺസെടുത്ത സച്ചിന്‍ ബേബിയുമാണ് ക്രീസിൽ.

 

വിക്കറ്റ് നഷ്ടമില്ലാതെ 88 റൺസ് എന്ന നിലയിൽ കളി ആരംഭിച്ച കേരളത്തിന് സ്‌കോർബോർഡിൽ ആറ് റൺസ് കൂടി ചേർത്തപ്പോൾ രോഹന്‍ കുന്നുമ്മലിനെ നഷ്ടമായി. പിന്നാലെ വത്സല്‍ ഗോവിന്ദും കൂടാരം കയറി. പിന്നെ വന്ന അപരാജിതിനും ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാൻ സാധിച്ചില്ല. പിന്നീട് വന്ന സഞ്ജു ബംഗ്ലാദേശിനെതിരെ എവിടെയാണോ നിർത്തിയത് അവിടുന്ന് തന്നെയാണ് കളി ആരംഭിച്ചത്.

 

ക്രീസിലെത്തിയ ആദ്യ പന്ത് തന്നെ സിക്സ് അടിച്ചു തുടങ്ങിയ സഞ്ജു പിന്നാലെ എത്തിയ പന്തുകൾ ബൗണ്ടറികളിലേക്ക് പായിച്ചു. പഞ്ചാബിനെതിരെ നേടിയെ എട്ട് വിക്കറ്റ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കർണാടകക്കെതിരെ കേരളം കളിക്കാനിറങ്ങുന്നത്.

കേരളത്തിന്റെ പ്ലേയിങ് ഇലവൻ വത്സല്‍ ഗോവിന്ദ്, രോഹന്‍ എസ് കുന്നുമ്മല്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബാബാ അപരാജിത്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, കെ എം ആസിഫ്, എം ഡി നിധീഷ്.