April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 21, 2026

കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ കുടുങ്ങി

SHARE
കൊച്ചി നഗരസഭയില്‍ കൈക്കൂലി വിവാദം കത്തിനില്‍ക്കെ പള്ളുരുത്തിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടറടക്കം മൂന്ന് പേരെ വിജിലൻസ് സംഘം ഹെല്‍ത്ത് ഓഫീസിലെത്തി പിടികൂടി.
കൊച്ചി കോർപറേഷനിലെ പള്ളുരുത്തി ഒന്പതാം സർക്കിള്‍ ഹെല്‍ത്ത് ഇൻസ്പെക്ടർ ആർ.എസ്. മധു, ജൂണിയർ ഹെല്‍ത്ത് ഇൻസ്പെക്‌ടർ ഷാനു, ശുചീകരണ തൊഴിലാളി ജോണ്‍ എന്നിവരാണ് പിടിയിലായത്.
പള്ളുരുത്തി നമ്ബ്യാപുരത്ത് മൊബൈല്‍ ആക്സസറീസ് ഗോഡൗണ്‍ തുടങ്ങുന്നതിനായി അപേക്ഷ സമർപ്പിച്ച ആലുവ സ്വദേശിയുടെ പക്കല്‍നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആർ.എസ്. മധു വിജിലൻസിന്‍റെ വലയിലായത്. ലൈസൻസിന് അപേക്ഷ സമർപ്പിച്ചപ്പോള്‍ 50,000 രൂപയാണ് ഹെല്‍ത്ത് ഇൻസ്പെക്ടർ ആവശ്യപ്പെട്ടത്. ആദ്യഘട്ടമായി 10,000 എത്തിച്ചാല്‍ സ്ഥലപരിശോധന നടത്താമെന്നാണ് അറിയിച്ചു. തുടർന്ന് ആലുവ സ്വദേശി വിജിലൻസില്‍ പരാതി നല്‍കുകയായിരുന്നു.
വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഇയാള്‍ തുക നല്‍കാമെന്ന് സമ്മതിക്കുകയും രാസവസ്തു പുരട്ടി നല്‍കിയ പണം ഹെല്‍ത്ത് ഇൻസ്‌പെക്ടർക്ക് കൈമാറുകയും ചെയ്തു. വേഷം മാറി ഓഫീസിനു സമീപത്തായി നിലയുറപ്പിച്ചിരുന്ന വിജിലൻസ് സംഘം ഉടൻ ഹെല്‍ത്ത് ഇൻസ്പെക്ടറെ കൈയോടെ പിടികൂടുകയായിരുന്നു. കൈക്കൂലിയായി വാങ്ങുന്ന പണം മൂവരും പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നതെന്ന് വിജിലൻസ് സംഘം പറഞ്ഞു.
അറസ്റ്റിലായ ഷാനുവിനെതിരെ രണ്ട് വിജിലൻസ് കേസുകള്‍ നിലവിലുണ്ട്. എറണാകുളം 17-ാം സർക്കിളിലിരിക്കെ യൂസർ ഫീസ് വെട്ടിച്ചതിനും നഗരസഭയുടെ സ്ഥലത്തെ തേക്ക് മരം മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ടുമാണ് കേസുകള്‍.
പള്ളുരുത്തി മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ലൈസൻസ് ലഭിക്കുന്നതിന് ഹെല്‍ത്ത് സർക്കിളിന് താഴെയുള്ള കംപ്യൂട്ടർ സെന്‍റർ വഴി അപേക്ഷ സമർപ്പിക്കാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. അപേക്ഷിക്കാനായി എത്തുന്നവരില്‍നിന്ന് യഥാർഥ ഫീസിന്‍റെ നാലിരട്ടി തുക ഉദ്യോഗസ്ഥരുടെ അറിവോടെ സ്ഥാപനം ഈടാക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
വിജിലൻസ് മധ്യമേഖലാ പോലീസ് സൂപ്രണ്ട് എസ്. ശശിധരന്‍റെ മേല്‍നോട്ടത്തിലുള്ള വിജിലൻസ് സംഘമാണ് ഇവരെ പിടികൂടിയത്. ഇൻസ്പെക്ടർമാരായ ആർ. മധു, വിമല്‍, മനു, എസ്‌ഐമാരായ ജോഷി ജേക്കബ്, സുകുമാരൻ, എഎസ്‌ഐമാരായ ജോസഫ്, ഷൈൻ, സിപിഒമാരായ സുനില്‍കുമാർ, ജിജിമോൻ, ധനേഷ്, ബിജുമോൻ, പ്രീജിത്ത് എന്നിവരും വിജിലൻസ് സംഘത്തിലുണ്ടായിരുന്നു.