ഭൂമി തരംമാറ്റലിന് ഫീസ്; സംസ്ഥാന സര്‍ക്കാരിന് ആശ്വാസം, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി

1 min read
SHARE

ഭൂമി തരംമാറ്റലിനുള്ള ഫീസില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. ഭൂമി തരംമാറ്റലിന് ഫീസ് തീരുമാനിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. 25 സെന്റില്‍ കൂടുതലെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ മാത്രം ഫീസ് അടച്ചാല്‍ പോരായെന്നും തരംമാറ്റുന്ന മുഴുവന്‍ സ്ഥലത്തിന്റെയും ഫീസ് അടയ്ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവർ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.

അധിക ഭൂമിയുടെ 10 ശതമാനം ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ 27-ാം വകുപ്പില്‍ മാറ്റം വരുത്തിയാണ് 25 സെന്റ് വരെയുള്ള ഭൂമി തരം മാറ്റുന്നതിന് സര്‍ക്കാര്‍ ഫീസ് ഒഴിവാക്കിയത്. ചെറിയ അളവില്‍ ഭൂമി തരം മാറ്റുന്നവരെ സഹായിക്കാന്‍ ഉദ്ദേശിച്ചായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഇതിനെതിരെ എറണാകുളം സ്വദേശി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂലമായി ഉത്തരവ് ലഭിക്കുകയും ചെയ്തു.25 സെന്റില്‍ അധികമുള്ള ഭൂമിക്ക് പത്ത് ശതമാനം തരംമാറ്റല്‍ ഫീസ് നല്‍കിയാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് 2023ലെ സര്‍ക്കാര്‍ ഉത്തരവ് സുപ്രീം കോടതി ഇന്ന് ശരിവെച്ചു. 25 സെന്റില്‍ കൂടുതലെങ്കില്‍ അധികമുള്ള സ്ഥലത്തിന്റെ ഫീസ് മാത്രം അടച്ചാല്‍ പോര, അധികഭൂമിയുടെ 10 ശതമാനം ഫീസ് അടച്ചാല്‍ മതിയെന്ന ഹൈക്കോടതി ഉത്തരവും റദ്ദാക്കുന്നു എന്നാണ് സുപ്രീം കോടതി ഉത്തരവ്.