പഴയ സ്വർണത്തിന് പകരം പുതിയ സ്വർണം; കോടികള്‍ തട്ടിയ ആതിര ഗോള്‍ഡിന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ലൈസന്‍സ് ഇല്ല

SHARE

സ്വര്‍ണ നിക്ഷേപ പദ്ധതികളുടെ മറവില്‍ കോടികള്‍ തട്ടിയ കേസില്‍ ആതിര ഗോള്‍ഡിന് സ്വര്‍ണ- പണ നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ലൈസന്‍സ് ഇല്ലെന്ന് വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പൊലീസ് റിസര്‍വ് ബാങ്കിന് കത്ത് അയച്ചു. അതേസമയം ആതിര ഗോള്‍ഡ് ഉടമകള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ പോലീസിന് ലഭിച്ചു.

കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്നലെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. 300 ല്‍ അധികം പരാതികളാണ് എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചത്. സ്വര്‍ണ നിക്ഷേപത്തിന്റെയും സ്വര്‍ണ വായ്പയുടെയും പേരിലാണ് തട്ടിപ്പ് നടത്തിയത്. അതേസമയം അറസ്റ്റിലായ 4 പ്രതികളെ റിമാൻഡ് ചെയ്തു.പഴയ സ്വര്‍ണം നല്‍കിയാല്‍ നിശ്ചിത കാലാവധി കഴിയുമ്പോള്‍ പുതിയ സ്വര്‍ണം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ആതിര ഗോള്‍ഡ് എം ഡി ആര്‍ ജെ ആന്റണി, ജോസ്, ജോബി, ജോണ്‍സണ്‍ എന്നിവരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുനമ്പം പള്ളിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ബാങ്കില്‍ നിന്ന് വന്‍തുക വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ആതിര ഗോള്‍ഡിന്റെ സ്ഥാപനങ്ങള്‍ കണ്ടുകെട്ടി. ഒരു മുന്നറിയിപ്പുമില്ലാതെ ഓഫീസുകള്‍ പ്രവര്‍ത്തിക്കാതായതോടെയാണ് ആളുകള്‍ പരാതിയുമായി എത്തിയത്. ഇവരില്‍ നിന്ന് വാങ്ങിയ പണം എന്തു ചെയ്തു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.