തൃശ്ശൂരില്‍ കോടികളുടെ ഇറിഡിയം തട്ടിപ്പ്; 500 കോടി തട്ടിയതായി പരാതി

1 min read
SHARE

തൃശ്ശൂരില്‍ കോടികളുടെ ഇറിഡിയം തട്ടിപ്പ്. തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് 500 കോടി തട്ടിയതായി പരാതി. മൂന്നുപീടിക സ്വദേശി ഹരിദാസ്, ഇരിങ്ങാലക്കുട സ്വദേശിനി ജിഷ എന്നിവരുടെ നേതൃത്വത്തില്‍ പണം തട്ടി എന്നാണ് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും പേരു പറഞ്ഞാണ് സംഘം പണം തട്ടിയത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

കൊല്‍ക്കത്തയിലെ മഠത്തിന്റെ രണ്ടാമത്തെ സ്ഥാനപതിയാണ് ഹരിദാസ് എന്ന് വിശ്വസിപ്പിച്ചാണ് ആദ്യം പണം വാങ്ങിത്തുടങ്ങിയത്. വിവിധ ബാങ്കുകളിലായി ഉടമകള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അക്കൗണ്ടില്‍ കിടക്കുന്ന പണം മഠത്തിന്റെ ട്രസ്റ്റ് മുഖാന്തരം വിതരണം ചെയ്യുമെന്ന് ആളുകളെ വിശ്വസിപ്പിച്ചു. ഇതിന്റെ ചെലവിലേക്ക് എന്ന് പറഞ്ഞായിരുന്നു ആദ്യ പണസമാഹരണം.

പിന്നാലെ തങ്ങള്‍ നടത്തുന്നത് ഇറിഡിയം ബിസിനസാണെന്ന് നിക്ഷേപകരെ അറിയിച്ചു. 5000 രൂപ നിക്ഷേപിച്ചാല്‍ അഞ്ചു കോടി തിരികെ കിട്ടുമെന്ന് മോഹന വാഗ്ദാനത്തില്‍ പലരും വീണു. നിക്ഷേപം സ്വീകരിച്ചതാകട്ടെ പണമായും. പണം ലഭിച്ചാല്‍ പിന്നെ പണം സ്വീകരിച്ചവരെ ബന്ധപ്പെട്ടാല്‍ ഫോണ്‍ എടുക്കില്ല. പണം തിരികെ ആവശ്യപ്പെട്ടാല്‍ വധഭീഷണിയെന്നും പരാതിക്കാര്‍ പറയുന്നു.പണം വാങ്ങിയവര്‍ വെള്ള പേപ്പറില്‍ നിശ്ചിത തുകയുടെ നോട്ടു പതിപ്പിച്ച് ഒപ്പിട്ടു നല്‍കുന്നതു മാത്രമാണ് പണം നല്‍കിയവര്‍ക്കുള്ള ഇവരുടെ ഏക ഉറപ്പ്. വര്‍ഷങ്ങളോളം നീണ്ടുനിന്ന തട്ടിപ്പാണ് ഇതൊന്നും ഏതാണ്ട് 500 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആണ് പ്രതീക്ഷിക്കുന്നത്.

ഇറിഡിയം തട്ടിപ്പ് ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട നഗരസഭ കൗണ്‍സിലര്‍ ഷാജുട്ടന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹരിദാസിനെ ഭയന്ന് പരാതി നല്‍കാന്‍ നിക്ഷേപകരും ആദ്യഘട്ടത്തില്‍ തയ്യാറായിരുന്നില്ല. എന്നാല്‍, പോലീസിന് പരാതി നല്‍കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് പണം നഷ്ടപ്പെട്ട മാപ്രാണം സ്വദേശി മനോജ്.