കോയമ്പത്തൂരില്‍ മലയാളി ബേക്കറി ഉടമകൾ മരിച്ച നിലയിൽ

1 min read
SHARE

 

കോയമ്പത്തൂരില്‍ രണ്ട് മലയാളി ബേക്കറി ഉടമകളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ബേക്കറി ഉടമകളിൽ ഒരാളായ മഹേഷിനെ കഴുത്തറുത്ത നിലയിലും ജയരാജിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇരുവരും കോയമ്പത്തൂരില്‍ ബേക്കറി നടത്തി വരികയായിരുന്നു. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിന് സമീപം തുടിയല്ലൂരിലാണ് ഇവരുടെ ബേക്കറി.

കഴിഞ്ഞ ദിവസം ഇവർ ബേക്കറി തുറന്നിരുന്നില്ല. ഇതേ തുടർന്ന് പ്രദേശവാസികള്‍ ഉച്ചയോടെ വിശ്വനാഥപുരത്തെ വീട്ടില്‍ അന്വേഷിച്ചെത്തിയിരുന്നു. ഈ സമയത്താണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ തുടിയല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരും അവിവാഹിതരാണ്. മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.