മലയോരത്ത് ഡെങ്കിപ്പനി; ഈ വർഷം 586 കേസുകൾ
1 min read

ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 586 ഡെങ്കിപ്പനി കേസുകൾ. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിലാണ്. ഇരുപഞ്ചായത്തുകളിലും 40 വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.കൊട്ടിയൂർ -40, അയ്യങ്കുന്ന് -36, ചെമ്പിലോട് -33, പേരാവൂർ -30, മുഴക്കുന്ന് -30, കേളകം -29, ചെറുപുഴ -17, കുന്നോത്ത് പറമ്പ് -17, ഇരിട്ടി -17, കോളയാട് -15 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ ഡെങ്കിപ്പനി കണക്കുകൾ. തോട്ടം മേഖലയിൽ ആണ് ഡെങ്കിപ്പനി കൂടുതലും റിപ്പോർട്ട് ചെയ്തത്.
കുറ്റിയാട്ടൂർ മേഖലയിൽ മഞ്ഞപ്പിത്തം പകരുന്ന സാഹചര്യത്തിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കണമെന്നും ഭക്ഷണം പങ്കുവയ്ക്കുന്ന പൊതുഇടങ്ങളിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കുമെന്നും ഡിഎംഒ അറിയിച്ചു. നിർദേശം പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പീയൂഷ് എം.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല സർവയലൻസ് യോഗം തീരുമാനിച്ചു.
തോട്ടം മേഖലകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകിന്റെ സാന്ദ്രത വർധിച്ചു. ഇടവിട്ടുള്ള മഴയും റബർ തോട്ടങ്ങളിൽ ചിരട്ടകൾ കമഴ്ത്തിവയ്ക്കാൻ വൈമുഖ്യം കാണിക്കുന്നതും കൊതുകിന്റെ ഉറവിടങ്ങൾ പെരുകാൻ കാരണമായെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തൽ.
∙ വീടുകളിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഡെങ്കി കൊതുകുകൾക്ക് മുട്ടയിടാനുള്ള സാഹചര്യം സൃഷ്ടിക്കരുത്.
∙ ഇൻഡോർ ഫ്ലവർ പോട്ട്, തർപ്പായ, ഫ്രിജിലെ ഡ്രെയ്നേജ് ട്രേ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.
